ശ്രദ്ധ നേടി കുടുക്ക് 2025 ലേ മനോഹര വീഡിയോ സോങ്ങ്.. ടീസർ കാണാം..

കുടുക്ക് 2025 എന്ന വരാനിരിക്കുന്ന മലയാള ചിത്രം മനോഹരമായ ഗാനങ്ങളാൽ സമ്പന്നമാണ് . സിദ്ദ് ശ്രീറാം ആലപിച്ച മാരൻ എന്ന റൊമാന്റിക് ഗാനവും, റീൽസുകളിൽ ട്രെൻഡിംഗ് ആയി മാറിയ തെയ്തക ഗാനവും പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ച ഓളം ചെറുതൊന്നുമല്ല. ഗാനങ്ങൾ മാത്രമല്ല ചിത്രത്തിന്റെ ട്രെയിലറും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വർധിപ്പിക്കുന്നുണ്ട് . കൃഷ്ണ ശങ്കറും ദുർഗ കൃഷ്ണയും ആണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത് . ഒരു റൊമാന്റിക് ചിത്രമായിരിക്കും കുടുക്ക് 2025 എന്ന പ്രേക്ഷക കാഴ്ചപ്പാടിനെ മാറ്റി മറച്ച് , ഈ ചിത്രം ഒരു കിടിലൻ മിസ്റ്ററി ത്രില്ലറായിരിക്കുമെന്ന് സൂചന നൽകിയിരിക്കുകയാണ് ഇതിന്റെ ട്രൈലർ.

ബിലഹരിയുടെ സംവിധാന മികവിൽ ഒരുങ്ങുന്ന ഈ ത്രില്ലർ ചിത്രത്തിലെ മറ്റൊരു ഗാനത്തിന്റെ കൂടി ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. പൂവേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ടീസറാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത് മലയാളത്തിന്റെ ശ്രദ്ധേയ ഗായിക സിതാര കൃഷ്ണകുമാറും ചിത്രത്തിന്റെ സംഗീത സംവിധായിക ഭൂമിയും ചേർന്നാണ് . ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് ശ്യാം നാരായണൻ ടി.കെ, ഹരിത ഹരിബാബു എന്നിവർ ചേർന്നാണ്.

ബിലഹരി ഒരുക്കിയ ‘അള്ള് രാമേന്ദ്രൻ’ എന്ന ചിത്രത്തിന് ശേഷം പുതുതായി പുറത്തിറങ്ങാൻ ഒരുങ്ങുന്ന ചിത്രമാണ് കുടുക്ക് 2025. ബിലഹരി തന്നെ രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം 2025ന്റെ പശ്ചാത്തലത്തിൽ ആണ് കഥ പറയുന്നത് . ഈ ചിത്രം പറയുന്നത് മാരൻ എന്ന ചെറുപ്പക്കാരന്റെ കഥയാണ്. മനുഷ്യന്റെ സ്വകാര്യതയിലേക്ക് അതിരുകടന്ന് കയറുന്ന പുതിയ ടെക്നോളജികളും അതുമൂലം ഉണ്ടാകുന്ന ഗുരുതര പ്രശ്നങ്ങളുമാണ് ഈ സിനിമ അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ സ്വാസിക വിജയ് , ഷൈൻ ടോം ചാക്കോ, അജു വർഗീസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ക്യാമറമാൻ അഭിമന്യു വിശ്വനാഥ് ആണ്. എഡിറ്റർ കിരൺ ദാസ് . വിക്കിയാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. കുടുക്ക് 2025ലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ഭൂമിയും മണികണ്ഠൻ അയ്യപ്പയും ചേർന്നാണ് . ഓഗസ്റ്റ് 25നാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.

Post a Comment

Previous Post Next Post