ഗംഭീര ആക്ഷൻ രംഗങ്ങളിൽ ശ്രദ്ധ നേടി ലൂസിഫർ തെലുങ്ക് റീമേക്ക്..! ഗോഡ് ഫാദർ ടീസർ കാണാം..

മലയാളത്തിലെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് പതിപ്പാണ് ഗോഡ്ഫാദർ. മലയാളത്തിൽ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. തെലുങ്കിൽ മോഹൻ രാജ ഒരുക്കുന്ന ഈ ചിത്രത്തിൽ മെഗാസ്റ്റാർ ചിരഞ്ജീവി ആണ് നായകനായി എത്തുന്നത്. ഇപ്പോഴിതാ ഗോഡ് ഫാദറിന്റെ പുതിയ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഗംഭീര പ്രകടനം ആണ് ആദ്യാവസാനം വരെ ഈ ടീസറിൽ നിറഞ്ഞു നിൽക്കുന്നത്. ചിത്രത്തിൽ നടൻ സൽമാൻ ഖാൻ അതിഥി താരമായെത്തുണ്ട്. അദ്ദേഹത്തെയും ഈ ടീസറിൽ കാണാം.

മലയാളത്തിലെ സ്റ്റീഫൻ നെടുമ്പള്ളി എന്ന മോഹൻലാലിന്റെ നായക കഥാപാത്രത്തെ ചിരഞ്ജീവി തെലുങ്കിൽ അവതരിപ്പിക്കുമ്പോൾ, സയ്ദ് മസൂദ് എന്ന പൃഥ്വിരാജിന്റെ അതിഥി വേഷമാണ് സൽമാൻ ഖാൻ തെലുങ്കിൽ ചെയ്യുന്നത്. മഞ്ജു വാര്യരുടെ കഥാപാത്രത്തിന് തെലുങ്കിൽ ജീവൻ പകരുന്നത് ലേഡി സൂപ്പർ സ്റ്റാർ നയൻതാര ആണ് . മലയാള ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ ടോവിനോ തോമസ്, വിവേക് ഒബ്‌റോയ്, സായ് കുമാർ, കലാഭവൻ ഷാജോൺ, ഇന്ദ്രജിത് എന്നിവരായിരുന്നു. തെലുങ്കിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത് പുരി ജഗന്നാഥ്, സത്യ ദേവ്, ഹാരിഷ് ഉത്തമൻ, ജയപ്രകാശ്, സച്ചിൻ കടേക്കർ, വംശി കൃഷ്ണ, നാസർ എന്നിവരാണ്.

ഈ തെലുങ്ക് ചിത്രത്തിന്റെ നിർമ്മാതാക്കൾ കോണിഡാല പ്രൊഡക്ഷൻ കമ്പനിയും സൂപ്പർ ഗുഡ് ഫിലിംസും ആണ്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് കൂടി ഉൾപ്പെടുത്തി കൊണ്ടാണ് ഈ ടീസർ പുറത്തു വിട്ടിട്ടുള്ളത്. ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത് ഒക്ടോബർ അഞ്ചിനാണ്. തമൻ എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നീരവ് ഷായാണ് ഈ ചിത്രത്തിന് ദൃശ്യങ്ങളൊരുക്കിയത് . പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു 2019 ഇൽ റിലീസ് ചെയ്ത ലൂസിഫർ എന്ന മലയാള ചിത്രം . ആശീർവാദ് സിനിമാസിന്റെ ബാനറിൽ ഒരുക്കിയ ഈ മലയാള ചിത്രം നിർമ്മിച്ചത് ആന്റണി പെരുമ്പാവൂർ ആണ്. മുരളി ഗോപി ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് വൈകാതെ ആരംഭിക്കും എന്ന് പറയപ്പെടുന്നു.

Post a Comment

Previous Post Next Post