പ്രേക്ഷക ശ്രദ്ധ നേടി ഐശ്വര്യ ലക്ഷ്മി അഭിനയിച്ച പൊന്നിയിൻ സെൽവനിലെ മനോഹര ഗാനം..!

ഈ വരുന്ന സെപ്റ്റംബർ മുപ്പതിന് തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ റിലീസ് ചെയ്യുന്നത്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഇപ്പോൾ പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. ചോളന്മാർ 1000 വർഷങ്ങൾക്ക് മുൻപ് തമിഴ്‌നാടിന് വേണ്ടി നൽകിയ സംഭാവനകളും മണ്ണിന് വേണ്ടി അവർ നടത്തിയ പോരാട്ടങ്ങളുമാണ് ഈ ചിത്രത്തിൽ പറയുന്നത് . മണിരത്നത്തിന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന ഈ ചിത്രം തമിഴ്, മലയാളം , തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഭാഷകളിലും പുറത്തിറങ്ങും.

ഈ ചിത്രത്തിന്റെ ടീസർ , ട്രൈലർ , ഗാനങ്ങൾ എന്നിവയെല്ലാം വമ്പൻ ഹിറ്റുകളായിരുന്നു. അവയെല്ലാം ഇരു കൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് മുന്നിലേക്ക് ചിത്രത്തിലെ മറ്റൊരു ഗാനം കൂടി പുറത്തുവരിക്കുകയാണ്. അലൈകടൽ എന്ന തമിഴ് ഗാനത്തിന്റെ ലെറിക്കൽ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. ശിവ ആനന്ദ് വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അന്താര നന്ദി ആണ്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം
ഒരുക്കിയിരിക്കുന്നത് എ.ആർ റഹ്മാൻ ആണ്. മലയാളത്തിന്റെ യുവ നടി ഐശ്വര്യ ലക്ഷ്മിയാണ് ഈ ഗാനത്തിൽ നിറഞ്ഞ് നിൽക്കുന്നത് . തമിഴ് താരം കാർത്തിയേയും വീഡിയോയിൽ കാണാം. ഇരുവരുടേയും ചിത്രത്തിലെ സ്റ്റിൽസ് ഉൾപ്പെടുത്തി കൊണ്ടാണ് ഈ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുന്നത്. ഈ ഗാനരംഗത്തിൽ അതീവ ഗ്ലാമറസ് ആയി തന്നെ ഐശ്വര്യ ലക്ഷ്മിയെ കാണാം. തെന്നിന്ത്യയിൽ ശോഭിച്ച് കൊണ്ടിരിക്കുകയാണ് താരം ഇപ്പോൾ.

അഞ്ച് ഭാഗങ്ങൾ ഉള്ള കൽക്കി കൃഷ്ണമൂർത്തി എഴുതിയ പൊന്നിയിൻ സെൽവനെന്ന ബ്രഹ്മാണ്ഡ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. നടൻ ചിയാൻ വിക്രം ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചോള സാമ്രാജ്യത്തിന്റെ രാജാവായ ആദിത്യ കരികാലൻ ആയാണ് വിക്രം ഈ ചിത്രത്തിൽ എത്തുന്നത്. ഇവരെ കൂടാതെ ഒരു വമ്പൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഐശ്വര്യ റായ്, ജയം രവി, തൃഷ, ജയറാം, ലാൽ, ബാബു ആന്റണി, റിയാസ് ഖാന്‍, റഹ്മാന്‍, ശരത് കുമാർ, പാർത്ഥിപൻ, പ്രഭു, കിഷോർ, വിക്രം പ്രഭു, ശോഭിത, നിഴൽകൾ രവി, അർജുൻ ചിദംബരം, റഹ്മാൻ, മോഹൻ റാം എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. രവി വർമ്മൻ ആണ് ഈ ചിത്രത്തിന് കാമറ കൈകാര്യം ചെയ്തത് . ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദ് ആണ്. മണി രത്‌നത്തിന്റെ മദ്രാസ് ടാകീസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചത് .

Post a Comment

Previous Post Next Post