ലൂസിഫറിന് വെല്ലുവിളിയുമായി തെലുങ്ക് റീമേക്ക് ഗോഡ്ഫാദർ.. ട്രൈലർ കാണാം..

മോഹൻ രാജയുടെ സംവിധാന മികവിൽ ഒരുങ്ങുന്ന ഗോഡ് ഫാദർ എന്ന തെലുങ്ക് ചിത്രം ഒക്ടോബർ 5 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുകയാണ് . ഗോഡ് ഫാദർ എന്ന ഈ തെലുങ്ക് ചിത്രം മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ പൃഥ്വിരാജ് സുകുമാരൻ അണിയിച്ച് ഒരുക്കിയ ബ്ലോക്ക്ബസ്റ്റർ മലയാളം ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് പതിപ്പാണ്. മോഹൻലാൽ ആയിരുന്നു ലൂസിഫറിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് , അതിഥി വേഷത്തിൽ സംവിധായകനായ പൃഥ്വിരാജ് സുകുമാരനും എത്തിയിരുന്നു. എന്നാൽ തെലുങ്ക് പതിപ്പിൽ മോഹൻ രാജ രണ്ട് മെഗാ താരങ്ങളെയാണ് ഒന്നിപ്പിക്കുന്നത്. കേന്ദ്ര കഥാപാത്രമായി തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവി എത്തുമ്പോൾ അതിഥി വേഷത്തിൽ തിളങ്ങാൻ എത്തുന്നത് ബോളിവുഡ് താരം സൽമാൻ ഖാൻ ആണ്. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് ഈ ചിത്രത്തിൽ നായികയായി വേഷമിടുന്നത്. ലൂസിഫറിൽ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തെലുങ്കിൽ നയൻതാര അവതരിപ്പിക്കുന്നത്.

ഇതുവരെ പുറത്തിറങ്ങിയ ഗോഡ് ഫാദറിന്റെ ടീസർ , ചിത്രത്തിലെ ഗാനം എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയ കീഴടക്കാൻ ഈ ചിത്രത്തിന്റെ ട്രൈലർ എത്തിയിരിക്കുകയാണ്. ഈ ട്രൈലർ വീഡിയോ പ്രേക്ഷകരിലേക്ക് എത്തിരിക്കുന്നത് ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ സൂപ്പർ ഗുഡ് ഫിലിംസിന്റെ യൂടൂബ് ചാനലിലൂടെയാണ് . കിടിലൻ ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ഈ ട്രൈലർ വീഡിയോ രണ്ട് മിനുട്ടിലധികം ദൈർഘ്യമുള്ളതാണ്. ഈ ട്രൈലറിൽ ലൂസിഫറിലെ ചില ആക്ഷൻ സീനുകളോട് സാമ്യമുള്ള രംഗങ്ങളും കാണാൻ സാധിക്കും. അമ്പത്തിമൂന്ന് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് പുറത്തിറങ്ങി മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും ഈ ട്രൈലർ വീഡിയോ സ്വന്തമാക്കിയത് . വീഡിയോയ്ക്ക് താഴെ നെഗറ്റീവും പോസ്റ്റീവുമായ കമന്റുകൾ ലഭിക്കുന്നുണ്ട്. ചിരഞ്ജീവിയുടെ അഭിനയത്തെ ചില പ്രേക്ഷകർ പ്രശംസിച്ച് കമന്റ് നൽകുമ്പോൾ , മറ്റ് ചിലർ നൽകുന്നത് മോഹൻലാൽ – പൃഥ്വിരാജ് കോംബോയിലെ അത്യുജ്ജ്വല പ്രകടനത്തെ തകർക്കാൻ ആർക്കും സാധിക്കില്ല എന്ന കമന്റുകളാണ്.

ഈ ചിത്രത്തിൽ പുരി ജഗന്നാഥ്, സത്യദേവ് , ഹാരിഷ് ഉത്തമൻ, ജയപ്രകാശ്, സച്ചിൻ കടേക്കർ, വംശി കൃഷ്ണ, നാസർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ സംഭാഷണങ്ങൾ ഒരുക്കിയിട്ടുള്ളത് ലക്ഷ്മി ഭൂപല ആണ്. ചിത്രത്തിന്റെ സംഗീത സംവിധായകൻ തമൻ എസ് ആണ്. നീരവ് ഷാ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. കൊനിഡല പ്രൊഡക്ഷൻ കമ്പനി, സൂപ്പർ ഗുഡ് ഫിലിംസ് എന്നിവയുടെ ബാനറിൽ രാം ചരൺ , ആർ ബി ചൗധരി, എൻ വി പ്രസാദ് എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.

Post a Comment

Previous Post Next Post