ആരാണ് പൊന്നിയിൻസെൽവൻ ? ചോള സാമ്രാജ്യത്തിന്റെ യഥാർത്ഥ കഥ...

9-ാം നൂറ്റാണ്ട് മുതൽ പതിനാലാം നൂറ്റാണ്ട് വരെ ദക്ഷിണേന്ത്യയിലെ പ്രധാന രാഷ്ട്രീയ ശക്തിയായിരുന്നു ചോഴ രാജവംശം എന്ന് പറയപ്പെട്ടിരുന്ന ചോള രാജവംശം . ആദ്യ കാലത്ത് തമിഴ്നാട്ടിലെ കാവേരി നദിയുടെ തീര ഭാഗങ്ങളിൽ മാത്രമായിരുന്ന ഇവർ പിന്നീട്, കേരളം , കർണ്ണാടകം ബംഗാൾ തുടങ്ങി പല ഭാഗങ്ങളിലേക്കും വ്യാപിച്ചു. ഇവിടം കൊണ്ട് മാത്രം തീർന്നില്ല പിന്നീട് ശ്രീലങ്ക, മാലിദ്വീപ്, ഇൻഡോനേഷ്യ തുടങ്ങി രാജ്യങ്ങളിലേക്കും ഇക്കൂട്ടരുടെ ഭരണം വ്യാപിച്ചു. ചോളന്മാരുടെ ചരിത്രം നാല് കാല ഘട്ടങ്ങളിലായാണ് തുടങ്ങുന്നത്. ആദ്യകാല ചോളന്മാർ, സംഘകാല ചോളന്മാർ, സാമ്രാജ്യത്വ മധ്യകാല ചോളന്മാർ, പിൽക്കാല ചോളന്മാർ എന്നിവയാണ് അവ. ആദ്യകാല ചോളന്മാരെ കുറിച്ച് കൂടുതൽ തെളിവുകൾ ഒന്നും തന്നെ ലഭ്യമല്ല , എന്നാൽ സംഘകാല കൃതികളിൽ ഇവരെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ഇവർ വിശ്വസിച്ചിരുന്നത് കരികൻ എന്ന പൊതു പൂർവിക രാജാവിന്റെ പിൻഗാമികളാണ് തങ്ങൾ എന്നാണ്. എന്നാൽ ഇവർ 9-ാം നൂറ്റാണ്ടിന് മുൻപ് ജീവിച്ചിരുന്നത് പാണ്ഡ്യ പല്ലവ രാജവംശത്തിന് കീഴിലായിരുന്നു.

തമിഴ് നാടിന്റെ രാണ്ടായി ഭാഗിച്ച് , വടക്ക് ഭാഗം പല്ലവ രാജവംശവും തെക്ക് ഭാഗം പാണ്ഡ്യ രാജവംശവും ആയിരുന്നു ഭരിച്ചിരുന്നത്. പല്ലവ രാജവംശത്തിന് കീഴിൽ ഉണ്ടായിരുന്ന കാവേരി നദിയുടെ വടക്കൻ ഭാഗങ്ങൾ അക്കാലത്ത് ഭരിച്ചിരുന്നത് മുത്തരയ്യർ എന്നൊരു കുടുംബം ആയിരുന്നു. രാജാവിൽ നിന്ന് പ്രത്യേക അവകാശങ്ങൾ നേടിയിരുന്ന ഒരു പ്രമാണി കുടുംബം ആയിരുന്നു ഇത്. അക്കാലത്താണ് തമിഴ്നാട്ടിലെ പാണ്ഡ്യ രാജവംശവും പല്ലവ രാജവംശവും തമ്മിൽ ഏറ്റുമുട്ടുന്നത്. ഇതേ സമയം വിജയാലയ ചോളൻ, മുത്തരയ്യർ ഭരിച്ചിരുന്ന കാവേരി നദിയുടെ വടക്ക് ഭാഗം പിടിച്ചെടുത്തു. അങ്ങനെ പാണ്ഡ്യ – പല്ലവ യുദ്ധത്തിനിടയിൽ തങ്ങളാലാവുന്ന കുറച്ച് സ്ഥലങ്ങൾ പിടിച്ചെടുത്ത് വിജയാലയ ചോളൻ ഒരു ചോള സാമ്രാജ്യം സ്ഥാപിച്ചു. പിന്നീട് രാജഭരണവും മക്കത്തായവുമായി ചോളസാമ്രാജ്യം ഭരണം തുടർന്നു. അങ്ങനെ പരാന്തകൻ രണ്ടാമന്റെ കാലഘട്ടത്തിൽ പാണ്ഡ്യന്മാർ തങ്ങളുടെ പല സ്ഥലങ്ങളും ചോളന്മാരിൽ നിന്നും പിടിച്ചെടുത്തു. ആ സമയം ചോള സാമ്രാജ്യം ചുരുങ്ങി , എന്നാൽ ഒട്ടും വൈകാതെ പരാന്തകൻ രണ്ടാമൻ പാണ്ഡ്യ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ മധുരൈ പിടിച്ചെടുത്തു . പരാന്തകൻ രണ്ടാമന്റെ മകനാണ് രാജ രാജ ചോളൻ ഒന്നാമൻ . രാജ രാജ ചോളന്റെ യഥാർത്ഥ പേര് അരുൾ മൊഴി വർമ്മൻ എന്നാണ്.

ഒരിക്കൽ കാവേരി നദിയുടെ തീരത്തിലൂടെ പോകുമ്പോൾ അരുൾ മൊഴി വർമ്മൻ നദിയിലേക്ക് വീണു. ഏവരും അദ്ദേഹം മരിച്ചു എന്ന് കരുതി. എന്നാൽ അത്ഭുതകരമായി അദ്ദേഹം രക്ഷപെട്ടു. കാവേരി നദിയ്ക്ക് പൊന്നി എന്നൊരു വിളിപ്പേര് കൂടിയുണ്ട് , പൊന്നിയിൽ നിന്ന് രക്ഷപ്പെട്ടതു കൊണ്ട് അരുൾ മൊഴി വർമ്മനെ പൊന്നിയുടെ മകൻ എന്ന അർത്ഥത്തിൽ പൊന്നിയിൽ സെൽവൻ എന്ന് വിളിച്ചു. രാജ രാജ ചോളന്റെ കൈകളിലേക്ക് ഭരണം വന്ന സമയത്താണ് തമിഴ് നാട്ടിൽ മാത്രം ഒതുങ്ങി നിന്ന ചോള സാമ്രാജ്യം കേരളം , ശ്രീലങ്ക , മാലിദ്വീപ് തുടങ്ങി ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത്. പൊന്നിയിൽ സെൽവനിൽ നിന്നും പിന്നീട് അധികാരം ലഭിക്കുന്നത് അദ്ദേഹത്തിന്റെ മകൻ രാജേന്ദ്ര ദേവ ചോളൻ ഒന്നാമൻ ആണ്. അച്ഛന്റെ പാത പിന്തുടർന്ന മകനും രാജ രാജ ചോളൻ കീഴടക്കാത്ത മറ്റ് പ്രദേശങ്ങൾ കൂടി കീഴടക്കുകയാണ് .

അങ്ങനെ ഇന്ത്യയുടെ വടക്ക് ഭാഗങ്ങൾ വരെ ഇദ്ദേഹം കീഴടക്കുകയാണ്. ഗംഗാ ജലം തന്റെ സാമ്രാജ്യത്തിലേക്ക് കൊണ്ടു വന്നതിനാൽ ഗംഗൈകൊണ്ട ചോളൻ എന്നും രാജേന്ദ്ര ദേവ ചോളൻ അറിയപ്പെടുന്നുണ്ട് . രാജ രാജ ചോളനും മകൻ രാജേന്ദ്ര ദേവ ചോളനുമാണ് ചോള സാമ്രാജ്യത്തിലെ ഏറ്റവും വീരന്മാരായ രാജക്കന്മാരായി ഇപ്പോഴും കണക്കാക്കുന്നത്. ഇവരുടെ ഭരണകാലത്താണ് ചോള സാമ്രാജ്യത്തിൽ ഒരു സ്ഥിര ഭരണവും നാവിക സേനയും എല്ലാം ഉടലെടുക്കുന്നത്. ഇവരുടെ സൈനിക പടത്തലവനായിരുന്നു വല്ലവരയ്യ വന്ധ്യദേവൻ . രാജ രാജ ചോളന്റെ സഹോദരിയുടെ ഭർത്താവ് കൂടിയാണ് ഇദ്ദേഹം. ചിലയിടങ്ങളിൽ പടത്തലവനായ വല്ലവരയ്യ വന്ധ്യദേവൻ ആണ് പൊന്നിയിൻ സെൽവൻ എന്നും പറയപ്പെടുന്നുണ്ട്. രാജേന്ദ്ര ദേവ ചോളന് ശേഷം വന്ന രാജക്കന്മാരുടെ കഴിവില്ലായ്മ കൊണ്ടാണ് ചോള സാമ്രാജ്യം നശിക്കാൻ കാരണമായത്. ചാലൂക്യന്മാരുടേയും പാണ്ഡ്യന്മാരുടേയും ആക്രമണം പലപ്പോഴായി ചോള സാമ്രാജ്യം നേരിടേണ്ടി വന്നു. 1219 ൽ രാജേന്ദ്ര ചോളൻ മൂന്നാമനെ , മാരവർമ്മൻ കുലശേഖരപാണ്ഡ്യൻ പരാജയപ്പെടുത്തിയതോടെ ചോള സാമ്രാജ്യത്തിന്റെ പതനം പൂർണ്ണമായി.

Post a Comment

Previous Post Next Post