ഒക്ടോബർ 21 ന് ആഗോള തലത്തിൽ തിയറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന നിവിൻ പോളി ചിത്രമാണ് പടവെട്ട് . നവാഗത സംവിധായകനായ ലിജു കൃഷ്ണയാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ഇതിനോടകം റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, ടീസർ, ചിത്രത്തിലെ ഗാനം എന്നിവയൊക്കെ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയെടുത്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ പുറത്തുവിട്ടിരിക്കുകയാണ്. മൂന്ന് മിനുട്ടോളം ദൈർഘ്യമുള്ള ഈ ട്രൈലർ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വർധിപ്പിക്കുകയാണ്. വടക്കൻ കേരളത്തിൽ അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിന്റെ കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മടിയനായ ഒരു യുവാവ് ആയി ട്രൈലറിന്റെ ആദ്യ ഭാഗങ്ങളിൽ കാണുന്ന നായക കഥാപാത്രം പിന്നീട് തന്റെ നാടിന് വേണ്ടി പോരാടുന്ന ശക്തനായ ഒരു വ്യക്തിയായി മാറുന്നത് കാണാം. വികസനത്തിന്റെ പേരിൽ നാടിനെ നശിപ്പിക്കുന്ന രാഷ്ട്രീക്കാർക്ക് എതിരെയാണ് ഈ നായകന്റെ പോരാട്ടം എന്നാണ് ട്രൈലർ രംഗങ്ങൾ നൽകുന്ന സൂചന.
അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി അദിതി ബാലനാണ് ഈ ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി വേഷമിടുന്നത്. കൂടാതെ ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, ഷമ്മി തിലകൻ, വിജയരാഘവൻ, കൈനകിരി തങ്കരാജ്, ബാലൻ പാറക്കൽ, സുധീഷ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ട്രൈലർ രംഗങ്ങളിൽ ശക്തമായ കഥാപാത്രവുമായാണ് നടൻ ഷമ്മി തിലകൻ എത്തുന്നതെന്നും മനസ്സിലാക്കാം. സരിഗമ മലയാളം യൂടൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ വീഡിയോ ആറ് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് മണിക്കൂറുകൾ കൊണ്ട് സ്വന്തമാക്കിയത്. നിവിൻ പോളി, ഷമ്മി തിലകൻ ,ഷൈൻ ടോം ചാക്കോ എന്നിവരുടെ അഭിനയ മികവിന് പ്രശംസിച്ച് നിരവധി ആരാധകരാണ് കമന്റുകൾ നൽകിയിട്ടുള്ളത്.
ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ ലിജു കൃഷ്ണ തന്നെയാണ് . ഈ ചിത്രത്തിന്റെ നിർമ്മാണം നിരവഹിക്കുന്നത് യുവ താരം സണ്ണി വെയ്‌ന്റെ സണ്ണി വെയ്ൻ പ്രൊഡക്ഷൻസ്, യോഡ്ലീ ഫിലിംസ് എന്നിവ ചേർന്നാണ്. വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ , സണ്ണി വെയ്ൻ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ . ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ദീപക് ഡി മേനോൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ഷെഫീഖ് മുഹമ്മദ് അലിയാണ്.