പോലീസുകാരെ കൊണ്ടൊക്കെ എന്ത് പ്രയോജനം ലെ..! ജിത്തു ജോസഫ് ആസിഫ് അലി ചിത്രം കൂമൻ..! ട്രൈലർ കാണാം..

ജിത്തു ജോസഫിന്റെ സംവിധാന മികവിൽ 2022 ന്റെ ആദ്യത്തിൽ റിലീസ് ചെയ്ത ക്രൈം ത്രില്ലർ ചിത്രമായിരുന്നു ട്വൽത്ത് മാൻ . ഈ ചിത്രത്തിന് ശേഷം അദ്ദേഹം അണിയിച്ച് ഒരുക്കുന്ന മറ്റൊരു പുത്തൻ ത്രില്ലർ ചിത്രമാണ് കൂമൻ . മലയാളത്തിന്റെ യുവതാരം നടൻ ആസിഫ് അലിയാണ് ഇതിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ തന്നെ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു . നവംബർ 4 ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന കൂമന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. മാജിക് ഫ്രെയിംസിന്റെ യൂടൂബ് ചാനലിലൂടെ റിലീസ് ചെയ്ത രണ്ടര മിനുട്ട് ദൈർഘ്യമുള്ള ഈ ട്രൈലർ വീഡിയോ 31 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത് .

ടീസറിൽ പോലെ തന്നെ ഇതിന്റെ ട്രൈലറും പ്രേക്ഷകരിൽ ആകാംക്ഷ ഉണർത്തുകയാണ്. ഒരു പോലീസ് കോൺസ്റ്റബിൾ ആയാണ് ആസിഫ് അലി ഈ ചിത്രത്തിൽ വേഷമിടുന്നത് . പല കേസുകളും തെളിയിക്കുന്ന വളരെ ബുദ്ധിമാനായ ഈ പോലീസ് കോൺസ്റ്റബളിന്റെ കൈകളിലേക്ക് എത്തിച്ചേരുന്ന ഒരു കേസും അതിന്റെ പേരിൽ അയാൾ അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘർഷങ്ങളുമാണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുക. നായകന്റെ വളരെ വൈകാരികമായ രംഗങ്ങളും ഈ ട്രൈലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ചിത്രം അവതരിപ്പിക്കുന്നത് കൂമൻ ദി നൈറ്റ് റൈഡർ എന്ന ടാഗ് ലൈനോടു കൂടിയാണ് . രാത്രി സഞ്ചാരകനായ ഒരു വില്ലനാണ് ചിത്രത്തിൽ നായകന്റെ ഉറക്കം കെടുത്തുന്നതും.

ട്വൽത്ത് മാൻ എന്ന ജിത്തു ജോസഫ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ രചയിതാവ് കെ.ആർ കൃഷ്ണ കുമാർ തന്നെയാണ് കൂമൻ എന്ന ചിത്രത്തിന്റെയും തിരക്കഥ രചിച്ചത്. മാജിക്ക് ഫ്രെയിംസ്, അനന്യ ഫിലിംസ് എന്നിവയുടെ ബാനറിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ ലിസ്റ്റിൻ സ്റ്റീഫൻ , ആൽവിൻ ആന്റണി എന്നിവരാണ്. സതീഷ് കുറുപ്പ് ക്യാമറ കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് വി എസ് വിനായക് ആണ്. ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ രചിച്ചത് വിനായക് ശശികുമാറും ഈണം പകർന്നിരിക്കുന്നത് വിഷ്ണു ശ്യാം ആണ്.

ജിത്തു ജോസഫ് മലയാള സിനിമയ്ക്ക് സമ്മാനിച്ച വമ്പൻ ഹിറ്റുകളാണ് ദൃശ്യം, ദൃശ്യം 2 തുടങ്ങി ചിത്രങ്ങൾ . അതിനാൽ തന്നെ പ്രേക്ഷകർക്ക് അദ്ദേഹം ഒരുക്കുന്ന ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും വളരെ വലുതാണ്. ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങൾ പോലെ കൂമനും വമ്പൻ ഹിറ്റായി മാറും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Post a Comment

Previous Post Next Post