ഹിന്ദു പുരണാത്തിലെ ഇതിഹാസമായ രാമയണത്തെ അടിസ്ഥാനമാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് അധിപുരുഷ് . ഒരേ സമയം ഹിന്ദിയിലും തെലുങ്കിലും ഈ ചിത്രം റിലീസ് ചെയ്യും. പ്രഭാസ് , സൈഫ് അലിഖാൻ , കൃതി സനോൻ , സണ്ണി സിംഗ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. 2023 ജനുവരി 12 ന് റിലീസിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ടി – സീരീസ് യൂടൂബ് ചാനലിലൂടെ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് ചിത്രത്തിന്റെ ഹിന്ദി ടീസറാണ് . ഗംഭീര ദൃശ്യാവിഷ്കാരവുമായാണ് ഈ ചിത്രം എത്തുന്നത് എന്ന് ഈ ടീസർ വീഡിയോയിൽ നിന്ന് മനസ്സിലാക്കാം. കോടികണക്കിന് കാഴ്ചക്കാരെയാണ് മണിക്കൂറുകൾ കൊണ്ട് ഈ വീഡിയോ സ്വന്തമാക്കിയത്.
ചിത്രത്തിൽ രാമനായി പ്രഭാസ് എത്തുന്നു , രാഘവ എന്നാണ് കഥാപാത്രത്തിന് നൽകിയ പേര് . ജാനകിയായി കൃതി സനോണും ലങ്കേഷ് എന്ന കഥാപാത്രമായ രാവണനായി സൈഫ് അലിഖാനും അഭിനയിക്കുന്നുണ്ട്. ലക്ഷ്മണനായി സണ്ണി സിംഗും ഹനുമാൻ ആയി ദേവദത്ത നാഗേയും എത്തുന്നു. ഇവരെ കൂടാതെ വത്സൽ ഷേത്ത് , സോണാൽ ചൗഹാൻ, തുപ്തി തോരാദ്മൽ എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്. സീതയെ കടത്തി കൊണ്ടു പോയ രാവണന്റെ ലങ്കയിലേക്ക് ഹനുമാന്റെ സൈന്യ സഹായത്തോടെ എത്തുന്ന രാമനെയാണ് ഈ ടീസർ രംഗങ്ങളിൽ കാണാൻ സാധിക്കുന്നത് .
ഇതുവരെ നിർമ്മിച്ച ഏറ്റവും ചിലവേറിയ ഇന്ത്യൻ സിനിമകളിൽ ഒന്നാണിത് . 500 കോടി ബഡ്ജറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത് . വി.എഫ് എക്സിനായി തന്നെ 250 കോടിയിലേറെ വേണമെന്ന് പറയപ്പെടുന്നു. 3 D യിലാണ് ആദിപുരുഷ് ചിത്രീകരിച്ചിരിക്കുന്നത്. ദൂഷൺ കുമാർ , കൃഷൻ കുമാർ , സംവിധായകൻ ഓം റൗട്ട്, പ്രസാദ് സുതാർ, രാജേഷ് നായർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കാർത്തിക് പളനി ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അപൂർവ മോതിവാലെ, ആശിഷ് മിത്രെ എന്നിവരാണ് . ഹിന്ദി ചിത്രത്തിന്റെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത് എ എ ഫിലിംസും തെലുങ്ക് ചിത്രത്തിന്റെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത് യുവി ക്രിയേഷൻസും ആണ്. മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ ഈ ചിത്രം ഡബ്ബ് ചെയ്തിറക്കും.