നിത്യ ദാസും ശ്വേതാ മേനോനും ഒന്നിക്കുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രം പള്ളി മണി..! ടീസർ കാണാം ..!

ഈ പറക്കും തളിക എന്ന മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് നടി നിത്യ ദാസ്. ഈ ചിത്രത്തിൽ ജനപ്രിയ നടൻ ദിലീപിന്റെ നായികയായാണ് താരം വേഷമിട്ടത്. ചിത്രത്തിലെ ബാസന്തി എന്ന കോമഡി കഥാപാത്രം താരത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത നേടി കൊടുത്തു. അതിനു ശേഷം നരിമാൻ, കുഞ്ഞിക്കൂനൻ, ബാലേട്ടൻ, കണ്മഷി തുടങ്ങി പതിനാലോളം മലയാള സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ നിത്യ എത്തി. മലയാള ചിത്രങ്ങൾക്ക് പുറമേ രണ്ട് തമിഴ് ചിത്രങ്ങളിലും ഒരു തെലുങ്കു ചിത്രത്തിലും നിത്യ ദാസ് വേഷമിട്ടു. 2007 ൽ ആണ് താരം വിവാഹിതയായത്.

മറ്റ് നടിമാരെ പോലെ തന്നെ വിവാഹിതയായതിനു ശേഷം താരം അഭിനയ രംഗത്തോട് വിട പറഞ്ഞു. ഇപ്പോൾ കുറച്ച് നാളുകളായി താരം ചില പരമ്പരകളിലും ടെലിവിഷൻ ഷോകളിലും സജീവ താരമായി എത്തുന്നു. ഒരിക്കൽ കൂടി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരം ഇപ്പോൾ വീണ്ടും മലയാള സിനിമയിലേക്ക് ഒരു തിരിച്ചു വരവ് നടത്തുകയാണ്. നിത്യ ദാസ് എന്ന താരം തിരിച്ചു വരുന്നത് പള്ളിമണി എന്ന ചിത്രത്തിലൂടെയാണ് . ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ വീഡിയോ സ്വന്തമാക്കുന്നത്. ഈ ചിത്രത്തിൽ നിത്യ ദാസ് നായിക വേഷം ചെയ്യുമ്പോൾ പ്രധാന നെഗറ്റീവ് റോൾ കൈകാര്യം ചെയ്യുന്നത് നടി ശ്വേതാ മേനോനാണെന്ന പ്രത്യേകതയുമുണ്ട്. ഒരു സൈക്കോ ഹൊറർ ത്രില്ലർ ചിത്രമായ പള്ളി മണി സംവിധാനം ചെയ്യുന്നത് കലാസംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴയാണ്. നോവലിസ്റ്റും തിരക്കഥാകൃത്തുമായ കെ.വി. അനിൽ ആണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചത്.

എൽ.എ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ലക്ഷ്മി അരുൺ മേനോൻ ആണ് . കൈലാഷ്, ദിനേശ് പണിക്കർ, ഹരികൃഷ്ണൻ തുടങ്ങിയവരും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തിന്റെ രചയിതാവ് കെ.വി. അനിലിന്റെ മൂന്നാമത്തെ ചിത്രമാണ് പള്ളിമണി. കെ വി അനിൽ ഇരുപതിലേറെ ജനപ്രിയ നോവലുകളും പന്ത്രണ്ട് മെഗാ സീരിയലും രചിച്ച ഒരു വ്യക്തി കൂടിയാണ് . ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നായി മാറുന്നത് , നാൽപ്പത് ലക്ഷം രൂപ മുതൽ മുടക്കി നിർമ്മിക്കുന്ന മൂന്ന് നിലകളുള്ള പള്ളിയുടെ സെറ്റ് ആണ് . അനിയൻ ചിത്രശാല ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. അനന്തു വി എസ് ആണ് ഈ ചിത്രം എഡിറ്റ് ചെയ്യുന്നത്. ശ്രീജിത്ത് രവിയാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ.

Post a Comment

Previous Post Next Post