മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ നടൻ നിവിൻ പോളി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സാറ്റർഡേ നൈറ്റ് . പ്രശസ്ത സംവിധായകൻ റോഷൻ ആൻഡ്രൂസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് . സൂപ്പർ ഹിറ്റായി മാറിയ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം റോഷൻ ആൻഡ്രൂസ് – നിവിൻ പോളി കൂട്ടുകെട്ടിൽ പിറക്കുന്ന പുത്തൻ ചിത്രമാണ് സാറ്റർഡേ നൈറ്റ് . നവംബർ 4 ന് ആണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. ഈ ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക് പോസ്റ്റർ , ടീസർ , ട്രൈലർ , പ്രെമോഷൻ വീഡിയോസ് എന്നിവയെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു . റിലീസിനോടനുബന്ധിച്ച് ഇന്നലെ ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. ഈ ടീസർ വീഡിയോയും ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. സൈന മൂവീസിന്റെ യൂടൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പ്രേക്ഷകരിലേക്ക് എത്തിയത്. മണിക്കൂറുകൾ കൊണ്ട് മൂന്ന് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഒരു മിനുട്ട് ദൈർഘ്യമുള്ള ഈ ടീസർ വീഡിയോ സ്വന്തമാക്കിയത്.
ഈ ചിത്രം അവതരിപ്പിക്കുന്നത് തന്നെ കിറുക്കനും കൂട്ടുകാരുമെന്ന ടാഗ്‌ലൈനോടു കൂടിയാണ് . വളരെയധികം പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു ടീസർ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത് . നിവിൻ പോളി അവതരിപ്പിക്കുന്ന രസികൻ കഥാപാത്രമാണ് ഈ വീഡിയോയുടെ ഹൈലൈറ്റായി മാറുന്നത് . ഈ ചിത്രം പറയുന്നത് ലൈഫ് അടിച്ച് പൊളിക്കാൻ ഇറങ്ങി തിരിക്കുന്ന കേന്ദ്ര കഥാപാത്രമായ കിറുക്കന്റെയും അവന്റെ കൂട്ടുക്കാരുടേയും കഥയാണ് . ഈ ചിത്രത്തിൽ നിവിൻ പോളിയെ കൂടാതെ അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, മാളവിക ശ്രീനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നടി സാനിയ ഇയ്യപ്പൻ ആണ് ചിത്രത്തിലെ നായിക. ഒരു കോമഡി ത്രില്ലറായി സംവിധായകൻ അണിയിച്ച് ഒരുക്കിയ ഈ ചിത്രം സൗഹൃദത്തിനാണ് മുൻതൂക്കം നൽകുന്നത്.
എ ബി സി ഡി, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങി മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ രചയിതാവായ നവീൻ ഭാസ്കർ ആണ് ഈ ചിത്രത്തിന്റെയും തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്. ഈ ചിത്രം ഒരുങ്ങുന്നത് വിനായക ഫിലിംസിന്റെ ബാനറിൽ ആണ്. അജിത് വിനായകയാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. അസ്‌ലം കെ പുരയിൽ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ടി ശിവാനന്ദേശ്വരൻ ആണ്. ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത് പ്രശസ്ത സംഗീത സംവിധായകൻ ജേക്സ് ബിജോയ് ആണ് . നർമ്മത്തിന്റെ രസ ചരടുമായി എത്തുന്ന ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ .