ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുത്തൻ ചിത്രമാണ് വീകം. സാഗർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡിസംബർ 9 ന് ആണ് പ്രദർശനത്തിന് എത്തുന്നത്. ഇപ്പോൾ ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ പുറത്തിറങ്ങിയിരിക്കുകയാണ്. മാജിക് ഫ്രെയിംസിന്റെ യൂടൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഈ ട്രൈലർ വീഡിയോ ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ഒരു ക്രൈം ഇൻവസ്റ്റിഗേറ്റീവ് പാറ്റേണിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രൈലർ വീഡിയോയിൽ നിന്ന് മനസ്സിലാക്കാം. മെഡിക്കൽ ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ഒരു ഫോറൻസിക് ഡിപ്പാർട്ട്മെന്റിനെയും അവർക്ക് ലഭിക്കുന്ന ഒരു കൊലപാതക കേസിനേയും ചുറ്റി പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്.
ധ്യാൻ ശ്രീനിവാസനെ കൂടാതെ ഡെയിൻ ഡേവിഡ്, ഡയാന ഹമീദ്, അജു വർഗ്ഗീസ്, ജഗദീഷ് , ഷീലു എബ്രഹാം, ദിനേശ് പ്രഭാകർ , ജി സുരേഷ് കുമാർ , മുത്തുമണി, സുന്ദര പാണ്ഡ്യൻ , ഡോ.സുനീർ , സൂര്യ , ബേബി ശ്രേയ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സംവിധായകൻ സാഗർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഈ ചിത്രം അവതരിപ്പിക്കുന്നത് എബ്രഹാം മാത്യു ആണ്. എബ്രഹാം മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഷീലു എബ്രഹാം ആണ്. ധനേഷ് ആർ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഹരീഷ് ആണ് .
ഒരു ലക്ഷത്തിലധികം കാഴ്ച്ചക്കാരെയാണ് ഈ ട്രൈലർ വീഡിയോ ഇതിനോടകം സ്വന്തമാക്കിയത് . ധ്യാൻ ശ്രീനിവാസൻ എന്ന നടന്റെ അഭിനയ മികവ് മലയാളികൾ തിരിച്ചറിയാൻ പോകുന്ന മറ്റൊരു ചിത്രം എന്നാണ് ട്രൈലർ കണ്ട് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഈ ത്രില്ലർ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 2022 ൽ പുറത്തിറങ്ങുന്ന ധ്യാൻ ശ്രീനിവാസന്റെ അഞ്ചാമത്തെ ചിത്രമാണ് വീകം. സത്യം മാത്രമേ ബോധിപ്പിക്കൂ, ഉടൽ, പ്രകാശൻ പറക്കട്ടെ, സായാഹ്ന വാർത്തകൾ തുടങ്ങിയവയായിരുന്നു ഈ വർഷം പുറത്തിറങ്ങിയ മറ്റ് ചിത്രങ്ങൾ . അടി കപ്യാരേ കൂട്ടമണി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉൾപ്പെടെ മുപ്പതോളം പുതിയ പ്രൊജക്ടുകളാണ് താരത്തിനുള്ളത്.