നടൻ ജീവ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് വരലാരു മുക്കിയം . റൊമാന്റിക് കോമഡി ഡ്രാമ ചിത്രമായ വരലാരു മുക്കിയം ഡിസംബർ 9 ന് ആണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ പോസ്റ്റർ, ട്രൈലർ വീഡിയോ എന്നിവയെല്ലാം പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനമാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. സരിഗമ തമിഴ് യൂടൂബ് ചാനലിലൂടെ പുറത്തിറങ്ങിയ മല്ലു ഗേൾ എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്.
നടി കാശ്മീര പർദേശിയാണ് ഈ ഗാന രംഗത്തിൽ നടൻ ജീവയോടൊപ്പം ചുവടു വച്ചിരിക്കുന്നത് . കർക്കിയാണ് ഈ ഗാനത്തിന്റെ രചയിതാവ്. ഷാൻ റഹ്മാൻ ആണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. ഈ ഗാനം ആലപിച്ചിരിക്കുന്നത് അദ്ദേഹവും ആതിര എ നായരും ചേർന്നാണ് . ഒരു റൊമാന്റിക് ഹീറോ കഥാപാത്രമായാണ് ഈ ചിത്രത്തിൽ നടൻ ജീവ വേഷമിടുന്നത്. ഈ ചിത്രം ഒരുക്കിയിട്ടുള്ളത് തന്നെ റൊമാൻസിനും ആക്ഷനും പ്രാധാന്യം നൽകി കൊണ്ടാണ് . ജീവ, കാശ്മീര പർദേശി എന്നിവർക്കൊപ്പം ഈ ചിത്രത്തിൽ പ്രഗ്യ നഗ്ര, ഗണേഷ്, കെ.എസ് രവികുമാർ , മൊട്ട രാജേന്ദ്രൻ , ശരണ്യ, സിദ്ദിഖ്, വിജി രതീഷ് , ടി.എസ്.കെ, ഇ. രാംദോസ്, സ്വാമിനാഥൻ, ലോലു സഭാ മനോഹർ, കാളി രാജ്കുമാർ , ആധിരൈ സൗന്ദർരാജൻ എന്നിവരും പ്രധാന സഹ വേഷങ്ങളിൽ എത്തുന്നുണ്ട്.
സന്തോഷ് രാജനാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. സംവിധാനത്തിലെ അദ്ദേഹത്തിന്റെ ആദ്യ ചുവടുവയ്പ്പാണ് ഈ ചിത്രം. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. ആർ ബി ചൗധരിയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിചിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾ ഒരുക്കിയ ശക്തി ശരവണൻ ചിത്രത്തിന്റെ ഛായാഗ്രഹണവും കൈകാര്യം ചെയ്തിരിക്കുന്നു. എഡിറ്റിംഗ് ശ്രീകാന്ത് എൻ ബി ആണ് നിർവഹിച്ചത്. സംഗീത സംവിധായകൻ ഷാൻ റഹ്മാൻ തന്നെയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് പിന്നിലും പ്രവർത്തിച്ചിട്ടുള്ളത്.
വരലാരു മുക്കിയം എന്ന ഈ ചിത്രം ഈ വർഷം റിലീസ് ചെയ്യുന്ന ജീവയുടെ മൂന്നാമത്തെ ചിത്രമാണ് . ഇതിന് മുൻപ് കോഫി വിത്ത് കാതൽ എന്ന ചിത്രമായിരുന്നു റിലീസ് ചെയ്തത്. പിന്നീട് ഇറങ്ങിയ നിതം ഒരു വാനം എന്ന ചിത്രത്തിൽ അതിഥി താരമായും ജീവ എത്തിയിരുന്നു. ഗോൽമാൽ ആണ് ജീവയുടെ പുതിയ പ്രൊജക്ട് . ഈ സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്.