ഈയടുത്ത് ഏറെ വിവാദം സൃഷ്ടിച്ച ഒരു ഗാനമായിരുന്നു ഷാരൂഖ് ഖാൻ – ദീപിക പദുക്കോൺ എന്നിവർ ഒന്നിച്ച് അഭിനയിച്ച “പഠാൻ ” എന്ന ചിത്രത്തിലെ ആദ്യ ഗാനം . വൻ ഹിറ്റായി മാറിയ ഈ ഗാനത്തിന്റെ വിവാദങ്ങൾക്ക് പിന്നാലെ ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനവും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ‘കുമ്മേസേ’ എന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിന് കാഴ്‍ചക്കാരെയാണ് ഈ ഗാനം റിലീസ് ചെയ്ത് മിനുട്ടുകൾ തികയും മുൻപ് തന്നെ സ്വന്തമാക്കിയത്. ചൈതന്യ പ്രസാദ് വരികള്‍ തയ്യാറാക്കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണ്‍ ശേഷാദ്രിയും സുനിത സാരഥിയും ചേര്‍ന്നാണ്. ചിത്രത്തിലെ ആദ്യ ഗാനരംഗത്തിൽ ദീപിക ധരിച്ച ബിക്കിനിയുടെ നിറത്തെ ചൊല്ലിയാണ് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചത്. ബിജെപി നേതാക്കള്‍ ഈ ഷാരൂഖ് ഖാൻ ചിത്രം ബഹിഷ്‍കരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് രംഗത്ത് എത്തിയിരുന്നു. പഠാൻ ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്.ഷാരൂഖ് ഖാൻ , ദീപിക പദുക്കോൺ കേന്ദ്ര കഥാപാത്രങ്ങളെ കൂടാതെ ഈ ചിത്രത്തിൽ നടൻ ജോണ്‍ എബ്രഹാമും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തിൻറെ താരനിരയിലുണ്ട്. സത്ചിത് പൗലൗസാണ് ഈ ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. തീയറ്ററുകളിൽ 2023 ജനുവരി 25 ന് പ്രദർശനത്തിന് ഒരുങ്ങാൻ തയ്യാറെടുക്കുന്ന പഠാന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്.ഒരിടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ വീണ്ടും അഭിനയരംഗത്ത് സജീവമാകുകയാണ്. അദ്ദേഹം നായകനാകുന്ന മറ്റൊരു പ്രധാന ചിത്രമാണ് ‘ജവാൻ.’ ഈ ഷാരൂഖാൻ ചിത്രം സംവിധാനം ചെയ്യുന്നത് അറ്റ്‍ലി ആണ്. ഇതിനോടകം പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ചിത്രത്തിൻറെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് 120 കോടി രൂപയ്‍ക്കാണ് സ്വന്തമാക്കിയത് . ജവാൻ’ഇതിനോടകം സാറ്റലൈറ്റ്, ഒടിടി റൈറ്റ്‍സ് വിറ്റുപോയ ഇനത്തില്‍ മാത്രമായി 250 കോടി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകൾ . സാന്യ മല്‍ഹോത്രയും പ്രധാനവേഷത്തിലെത്തുന്ന ഈ ചിത്രം ഒരു ആക്ഷന്‍ എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ ആണ് ഒരുക്കിയിട്ടുള്ളത്. ഷാരൂഖിന്റെ ഈ ചിത്രത്തിൽ തമിഴ് താരം വിജയ് സേതുപതിയും വേഷമിടുന്നുണ്ട്. ലേഡീ സൂപ്പർസ്റ്റാർ നയൻതാരയും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. താരം ഒരു അന്വേഷണോദ്യോഗസ്ഥയുടെ വേഷമാണ് കൈകാര്യം ചെയ്യുന്നതെന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവന്നത് . ഹിന്ദിയിൽ ഒരുക്കുന്ന ഈ ചിത്രം ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് എത്തുന്നത്. ‘ 2023 ജൂണ്‍ രണ്ടിന് ആണ് ജവാന്‍റെ’ റിലീസ്.