സംക്രാന്തി റിലീസായി പ്രേക്ഷകരിലേക്ക് എത്താൻ തയ്യാറെടുക്കുന്ന തെലുങ്ക് ചിത്രമാണ് വീരസിംഹ റെഡ്ഢി . തെലുങ്ക് സൂപ്പർതാരം ബാലയ്യ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന നന്ദമുറി ബാലകൃഷ്ണ ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഗോപിചന്ദ് മല്ലിനേനി ആണ്. ചിത്രത്തിൻറെ കഥയ്ക്കും തിരക്കഥയ്ക്കും പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് സംവിധായകൻ ഗോപിചന്ദ് തന്നെയാണ്. അദ്ദേഹം ഒരു മാസ്സ് മസാല ചിത്രമായാണ് വീരസിംഹ റെഡ്ഢി ഒരുക്കിയിട്ടുള്ളത്. ഇക്കാര്യം ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിൻറെ ട്രെയിലറുകളിൽ നിന്ന് വ്യക്തമാണ്.
ബാലയ്യ എന്ന കേന്ദ്ര കഥാപാത്രത്തെ കൂടാതെ ശ്രുതി ഹാസൻ, ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാർ, ചന്ദ്രിക രവി, ഹണി റോസ് എന്നീ താരങ്ങളും ഈ ചിത്രത്തിൻറെ പ്രധാന താര നിരയിൽ അണിനിരക്കുന്നുണ്ട്. വീരസിംഹ റെഡി നന്ദമുറിയുടെ അഭിനയ ജീവിതത്തിലെ നൂറ്റിയേഴാം ചിത്രം കൂടിയാണ്.
മാസ്സ് ചിത്രമായതുകൊണ്ട് തന്നെ ബാലയ്യ ആരാധകർക്കായി ജയ് ബാലയ്യ എന്ന ഒരു സ്പെഷ്യൽ ഗാനം ഇതിനോടകം റിലീസ് ചെയ്തിരുന്നു. അതുകൂടാതെ നടി ശ്രുതിഹാസനും ബാലയ്യയും ചേർന്നുള്ള മറ്റൊരു ഗാനവും പുറത്തിറങ്ങിയിരുന്നു. ഇരു ഗാനങ്ങളും സോഷ്യൽ മീഡിയയിൽ വൻ പ്രേക്ഷകശ്രദ്ധയാണ് പിടിച്ചുപറ്റിയത്. തരംഗമായി മാറിയ ഈ ഗാനങ്ങൾക്ക് ശേഷം ഇപ്പോഴിതാ വീരസിംഹ റെഡിയിലെ മറ്റൊരു പുത്തൻ ഗാനം കൂടി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.
ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് മാസ്സ് മൊഗുട് എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് . ഈ വീഡിയോ ഗാനരംഗത്തിൽ മാസ്സ് ലുക്കിൽ എത്തിയ ബാലയ്യയേയും സ്റ്റൈലിഷ് ലുക്കോടെ എത്തിയ ശ്രുതി ഹാസനെയും കാണാൻ സാധിക്കും. തമൻ ഈണം പകർന്നു രാമ ജോഗയ്യ ശാസ്ത്രി രചന നിർവഹിച്ച ഈ മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത് മനോ, രമ്യ ബെഹറ എന്നിവർ ചേർന്നു കൊണ്ടാണ്. ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഛായഗ്രഹണം കൈകാര്യം ചെയ്തത് ഋഷി പഞ്ചാബിയും എഡിറ്റിംഗ് കൈകാര്യം ചെയ്തത് നവീൻ നൂലിയും ആണ്. സംഘടന രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത് വെങ്കട്, റാം- ലക്ഷ്മൺ എന്നിവരാണ്. ഈ ചിത്രത്തിലെ ബാലയ്യയുടെ ലുക്ക് ആരാധകർക്കിടയിൽ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.