കിടിലൻ ആക്ഷൻ രംഗങ്ങളാൽ ശ്രദ്ധ നേടി ആർ ആർ ആറിന്റെ ട്രൈലർ..

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് എസ് എസ് രാജമൗലി ഒരുക്കിയ ആർ ആർ ആർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് പിറത്തുവിട്ടു . ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമായി ഒരുക്കിയിരിക്കുന്ന ആർ ആർ ആർ ആരാധകർക്കിടയിൽ ഒരു കോളിളക്കം സൃഷ്ടിക്കുമെന്ന സൂചനയാണ് ഈ ട്രൈലെർ നൽകുന്നത്. ആകാംഷഭരിതമായ ആക്ഷൻ രംഗങ്ങളും കണ്ണഞ്ചിപ്പിക്കുന്ന വി എഫ് എക്സ് സീനുകളും നിറച്ചാണ് ട്രൈലെർ പുറത്തുവിട്ടിരിക്കുന്നത്. ഇതോടു കൂടി ഈ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വാനോളമെത്തി എന്ന് പറഞ്ഞാലും അതൊട്ടും അതിശയോക്തി ആവില്ല. ഈ ട്രെയിലറിലെ ഓരോ സീനും പ്രേക്ഷകരെ പ്രേക്ഷരെ കോരിത്തരിപ്പിച്ച് ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അതോടൊപ്പം തന്നെ ട്രെയിലറിലെ പശ്‌ചാത്തല സംഗീതവും ചേർന്നപ്പോൾ കാണുന്ന പേക്ഷകന് അത് അനുഭൂതിയുടെ മറ്റൊരു തലം സൃഷ്ടിക്കുന്നു.

ഏറെ പ്രേക്ഷകപ്രീതി നേടിയെടുത്ത ബാഹുബലി സീരിസിന് ശേഷം എസ് എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് ആർ ആർ ആർ. ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായി നിർമ്മിക്കുന്ന ഈ ചിത്രം അടുത്ത വർഷം ജനുവരി ഏഴിന് ആണ് 12000 സ്‌ക്രീനുകളിൽ ആയി ലോകം മുഴുവൻ റിലീസ് ചെയ്യും എന്നാണ് അറിയിച്ചിട്ടുള്ളത് . ആഗോള റിലീസായി ഒന്നിലധികം ഭാഷകളിലായാണ് ആർ ആർ ആർ വരാൻ ഒരുങ്ങുന്നത്. ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് റാം ചരൺ, ജൂനിയർ എൻ ടി ആർ, ബോളിവുഡ് താരം അജയ് ദേവ്‌ഗൺ, ആലിയ ഭട്ട് എന്നിവർ ആണ് . എസ് എസ് രാജമൗലി തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ എഴുതിയത് കെ വി വിജയേന്ദ്ര പ്രസാദ് ആണ് . ഡി വി വി എന്റെർറ്റൈന്മെന്റ്സ് ആണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത് . ഒളിവിയ മോറിസ്, സമുദ്രക്കനി, റേ സ്റ്റീവൻസൺ, അലിസൻ ഡൂഡി, ശ്രിയ സരൺ, ഛത്രപതി ശേഖർ, രാജീവ് കനകാല എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സെന്തിൽ കുമാറും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ശ്രീകർ പ്രസാദുമാണ്. കീരവാണി ആണ് ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് . ഈ ചിത്രത്തിൽ അല്ലൂരി സീതാരാമ രാജു എന്ന കഥാപാത്രമായി റാം ചരണും കോമരം ഭീം എന്ന കഥാപാത്രമായി ജൂനിയർ എൻ ടി ആറും അഭിനയിച്ചിരിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തിൽ ആണ് ചിത്രം ഒരുക്കിയിട്ടുള്ളത്.

Scroll to Top