‘അശ്ലീല സിനിമകളെന്ന പരാതി കെട്ടിച്ചമച്ചത്, ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് ശിക്ഷ ലഭിക്കണം’; ശ്വേത മേനോന് പിന്തുണയുമായി നടി സീമ ജി. നായർ!

Posted by

അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ശ്വേത മേനോനെതിരെ വന്ന പരാതി കെട്ടിച്ചമച്ചതാണെന്ന് നടി സീമ ജി. നായർ. അശ്ലീല സിനിമകളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്നും രംഗങ്ങൾ പ്രചരിപ്പിച്ചുവെന്നുമുള്ള പരാതി വ്യാജമാണെന്ന് സീമ വ്യക്തമാക്കി. ശ്വേത മേനോനും കുക്കു പരമേശ്വരനും ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതാണ് അവർ ചെയ്ത തെറ്റെന്നും, ഈ കേസിന് പിന്നിൽ പ്രവർത്തിച്ചവർക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും സീമ സമൂഹ മാധ്യമത്തിലൂടെ ആവശ്യപ്പെട്ടു.

കഴിഞ്ഞ 25 വർഷമായി താൻ ശ്വേതയുമായി സൗഹൃദത്തിലാണെന്ന് സീമ പറയുന്നു. ശ്വേത അഭിനയിച്ച ‘കളിമണ്ണ്’, ‘പാലേരി മാണിക്യം’, ‘കയം’, ‘കാമസൂത്ര’ തുടങ്ങിയ സിനിമകളെല്ലാം നിയമപരമായി സെൻസർ ബോർഡിന്റെ അംഗീകാരത്തോടെ റിലീസ് ചെയ്തവയാണെന്നും സീമ ചൂണ്ടിക്കാട്ടി. ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മത്സരിച്ചതാണ് ഈ വിവാദങ്ങൾക്ക് പിന്നിലെ യഥാർത്ഥ കാരണമെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സീമ പറഞ്ഞു.

കൂടാതെ, ബാൻ ചെയ്ത സൈറ്റിൽ പോയി വിഡിയോ കണ്ടുവെന്ന് പറയുന്നതിനെയും സീമ വിമർശിച്ചു. ആർക്കുവേണ്ടി തിളയ്ക്കുന്ന സാമ്പാറിലെ കഷ്ണങ്ങളായി ശ്വേതയും കുക്കുവും മാറരുതെന്നും, അവർ ധൈര്യമായി മുന്നോട്ട് പോകണമെന്നും സീമ ജി. നായർ തന്റെ കുറിപ്പിൽ പറയുന്നു.