ആകാംഷ നിറഞ്ഞ ആക്ഷൻ രംഗങ്ങളൊരുക്കി ചിത്രം കടുവയുടെ ടീസർ പുറത്തിറങ്ങി. മലയാളത്തിലെ യുവ താരനിരയിലെ ഒരാളായ നടൻ പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് കടുവ. ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ട് മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ നാലു ലക്ഷത്തിനടുത്ത് കാഴ്ചക്കാരെയാണ് ടീസറിന് ലഭിച്ചത്. ഒട്ടേറെ അഭിപ്രായങ്ങൾ ലഭിച്ചതിൽ ഒരാൾ കമന്റ് ചെയ്തത് ഇപ്രകാരമാണ് ‘തിരിച്ചു കിട്ടി ഞങ്ങൾക്ക് ആ പഴയ രാജുവേട്ടനെ എന്നും ഇതാണ് കൊറേ നാളായിട്ട് ഞാൻ ആഗ്രഹിച്ചത്, ദൈവം ഉണ്ട്’ എന്നുമാണ്.
വിവേക് ഒബ്റോയി എന്ന ബോളിവുഡ് താരം ആണ് കടുവയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിൽ വിവേക് ഒബ്റോയി വില്ലൻ വേഷത്തിൽ എത്തിയിരുന്ന മറ്റൊരു ചിത്രമായിരുന്നു പൃഥ്വിരാജിന്റെ സംവിധാന മികവിൽ വൻ വിജയം നേടിയ ലൂസിഫർ എന്ന സിനിമ . ലൂസിഫറിന് ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് കടുവ എന്ന സിനിമയ്ക്ക് .
കടുവ എന്ന ചിത്രത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും ഒന്നിച്ചാണ്. കടുവ എന്ന ചിത്രത്തിന് മറ്റൊരു സവിശേഷത കൂടി ഉണ്ട് , എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് എന്ന പ്രതിഭ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു എന്നതും . 2013-ല്‍ ജയറാമിനെ നായകനാക്കി പ്രേക്ഷകരിലേക്കെത്തിച്ച ജിഞ്ചര്‍ എന്ന ചിത്രമാണ് ഷാജി കൈലാസ് ഏറ്റവും അവസാനമായി മലയാളത്തിൽ സംവിധാനം ചെയ്ത ചിത്രം.
കടുവ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിനു വി എബ്രഹാം ആണ്. ഷാജി കൈലാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന രണ്ടാമത്തെ മലയാള ചിത്രം കൂടിയാണ് കടുവ. ഷാജി കൈലാസ്- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന ആദ്യ ചിത്രമായിരുന്നു 2012-ല്‍ പുറത്തിറങ്ങിയ സിംഹാസനം എന്ന മലയാള ചിത്രം .