വെല്ലുവിളികൾ ഇഷ്ടപ്പെടുന്ന മനുഷ്യനായിരുന്നു പോലീസ് ഉദ്യോഗസ്ഥനായ മൗറോ പ്രോസ്പെരി . മാരത്തിന്നുകൾ ഇഷ്ടപ്പെടുകയും അതിൽ പങ്കെടുക്കുകയും ചെയ്യാറുള്ള പ്രോസ്പെരി , സഹാര മാരത്തണിനെ കുറിച്ച് കേട്ടപ്പോൾ അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. ആറ് ദിവസങ്ങളോളം നീളുന്ന 156 മൈലുകൾ ഉൾക്കൊള്ളുന്നതാണ് സഹാറ മാരത്തൺ . ഇതിൽ പങ്കടുക്കാനായി അദ്ദേഹം പരിശീലനം ആരംഭിക്കുകയും ചെയ്തു. ദിവസവും 25 മൈൽ വീതം ഓടി, വെള്ളത്തിന്റെ അളവ് കുറച്ചു . തീവ്രമായ തയ്യാറെടുപ്പകൾക്ക് ശേഷം അദ്ദേഹം മൊറോക്കയിൽ എത്തി. 1994 ലെ ആ ഇവന്റിൽ 134 മത്സരാർത്ഥികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഓട്ടത്തിന്റെ നാലാം ദിവസം അദ്ദേഹത്തിന് പിഴവ് പറ്റി.
അന്നേ ദിവസത്തെ താപനില വളരെ ഉയർന്നതായിരുന്നു. കൂടാതെ ശക്തമായ മണൽക്കാറ്റും അദ്ദേഹത്തിന് നേരിടേണ്ടതായി വന്നു. പക്ഷേ ഏഴാം സ്ഥാനത്ത് എത്തിയ പ്രോസ്പെരി തന്റെ സ്ഥാനം നഷ്ടമാകരുതെന്ന് കരുതി , മണൽ കാറ്റ് തന്റെ കാഴ്ചയ്ക്ക് തടസമായപ്പോഴും ഓട്ടം തുടർന്നു. മണിക്കൂറുകൾ പിന്നിട്ട് മണൽകാറ്റ് ശമിച്ചപ്പോഴാണ് തനിക്ക് വഴി തെറ്റിയെന്ന കാര്യം അദ്ദേഹം മനസിലാക്കുന്നത്. അന്ന് എത്തിയ സ്ഥലത്ത് ടെന്റ് കെട്ടി താമസിച്ചു. പിറ്റേന്ന് അദ്ദേഹം ട്രാക്ക് തിരിഞ്ഞിറങ്ങി. പക്ഷേ നിരാശയായിരുന്നു ഫലം. കൈയ്യിൽ വളരെ കുറവ് വെള്ളവും ഭക്ഷണവും മാത്രമാണ് ഉണ്ടായിരുന്നത്. നടന്ന് തളർന്ന അദ്ദേഹം അവിടെ ഒരു വീട് കണ്ടെത്തി .
പക്ഷേ അത് ആൾ താമസമില്ലാതെ ഉപേക്ഷിച്ച നിലയിൽ ആയിരുന്നു. അതും അദ്ദേഹത്തിന് രക്ഷയായില്ല. ഈ മരുഭൂമിയിൽ തന്റെ ശരീരത്തിലെ ജലാംശം നിലനിർത്താൻ അദ്ദേഹം അവിടുത്തെ പാറകളിൽ നിന്നുള്ള പ്രഭാത മഞ്ഞു നക്കി , വവ്വാലുകളെ കൊന്ന് അവയുടെ രക്തം കുടിച്ചു , ചില ഘട്ടങ്ങളിൽ അദ്ദേഹം തന്റെ മൂത്രം തന്നെ കുടിച്ചു. തന്റെ ഭക്ഷണശേഖരം കഴിഞ്ഞപ്പോൾ പക്ഷി മുട്ടകളും , വണ്ടുകളും അദ്ദേഹം ഭക്ഷണമാക്കി. ഒരിക്കൽ തന്റെ മുകളിലൂടെ പറന്നു പോയ ഹെലികോപ്റ്ററും വിമാനവും അദ്ദേഹത്തെ വളരെ നിരാശനാക്കി. രക്ഷപ്പെടാൻ ഇനി ഒരു സാധ്യതയുമില്ല എന്ന് വിശ്വസിച്ച അദ്ദേഹം ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയും തന്റെ കൈത്തണ്ട മുറിക്കുകയും ചെയ്തു. എന്നാൽ നിർജ്ജലീകരണം സംഭവിച്ചതിനാൽ രക്തം കട്ട പിടിക്കുകയും മരണം തടയുകയും ചെയ്തു.
അത് അദ്ദേഹത്തിന് രക്ഷപ്പെടാനുള്ള ഒരു ഊർജമായി മാറി. അദ്ദേഹം വീണ്ടും യാത്ര തുടരുകയും എട്ട് ദിവസങ്ങൾക്ക് ശേഷം മരുഭൂമിയിലെ മരപ്പച്ച കാണുകയും ചെയ്തു. പക്ഷേ നീരു വന്നു വീർത്ത അദ്ദേഹത്തിന് അതിൽ നിന്ന് വെള്ളം കുടിക്കുവാൻ സാധിച്ചില്ല. സമയമെടുത്ത് ഓരോ തുള്ളിയായി അദ്ദേഹം ദാഹം തീരുന്നതു വരെ അതിൽ നിന്നും വെള്ളം കുടിക്കുകയും തന്റെ കുപ്പിയിൽ നിറയ്ക്കുകയും ചെയ്തു. വീണ്ടും നടത്തം തുടർന്ന അദ്ദേഹം ഒടുവിൽ വഴിയിൽ കുറച്ച് ആട്ടിൻ കഷ്ഠം കണ്ടെത്തി. അതിനെ പിന്തുടർന്ന് നടന്ന അദ്ദേഹം എട്ട് വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടിയെ കണ്ടെത്തുകയും അവളോട് സഹായമഭ്യർത്ഥിക്കുകയും ചെയ്തു. തുടർന്ന് ആ കുട്ടിയുടെ കുടുംബത്തിന്റെ സഹായത്തോടെ അദ്ദേഹം രക്ഷപ്പെട്ടു. വഴി തെറ്റിയ അദ്ദേഹം എത്തിയത് അൾജീരിയയിൽ ആയിരുന്നു. മാസങ്ങളോളം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം പൂർണ സ്ഥിതി പ്രാപിച്ചത്. വളരെ അവിശ്വസിനീയമായ അതിജീവിന കഥയാണ് അദ്ദേഹത്തിന്റേത്.