നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി രാജീവ് രവി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തുറമുഖം . ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. 1962 കാലഘട്ടം വരെ കൊച്ചിയിൽ നില നിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും , അതിന് അന്ത്യം കുറിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഈ കഥ ആരംഭിക്കുന്നത് 1920 ൽ കൊച്ചി തുറമുഖം നിർമ്മിക്കുന്ന കാലഘട്ടത്തിലാണ്. ഒരു നേരത്തെ അന്നത്തിന് വേണ്ടി , തൊഴിൽ ലഭിക്കാൻ തമ്മിൽ പൊരുതുന്ന തൊഴിലാളികളുടെ കാലം.
ആക്ഷൻ രംഗങ്ങൾ നിറഞ്ഞ , പ്രേക്ഷകരിൽ ആകാംഷ നിറയ്ക്കുന്ന ഒരു ട്രൈലറാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത് മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രത്തെയാണ്. നിവിൻ പോളിയെ കൂടാതെ ചിത്രത്തിൽ ജോജു ജോർജ് , അർജുൻ അശോകൻ , നിമിഷ സജയൻ , ദർശന രാജേന്ദ്രൻ , ഇന്ദ്രജിത്ത്, പൂർണിമ ഇന്ദ്രജിത്ത്, സുദേവ് നായർ , മണികണ്ഠൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.
ഗോപൻ ചിദംബരം കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയ ഈ ചിത്രം നിർമ്മിക്കുന്നത് സുകുമാർ തെക്കേപ്പാട്ട്, ജോസ് തോമസ്, അനൂപ് ജോസഫ് എന്നിവർ ചേർന്നാണ്. ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത് സംവിധായകൻ രാജീവ് രവിയാണ് . മാഫിയ ശശി, പ്രഭു, ദിനേഷ് സുബ്രഹ്മണ്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത്. അൻവർ അലി വരികൾ രചിച്ച ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ബിജു നാരായണൻ , സയനോര, ഷഹബാസ് അമൻ എന്നിവരാണ് . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ബി അജിത് കുമാർ ആണ്.