നന്ദമുറി കല്യാൺ റാമിനെ കേന്ദ്ര കഥാപാത്രമാക്കി വസിഷ്ഠ് സംവിധാനം ചെയ്യുന്ന ഒരു ടൈം ട്രാവലർ ഫാന്റസി ആക്ഷൻ ചിത്രമാണ് ബിംബിസാര . നന്ദമുറി കല്യാണിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഈ ചിത്രത്തിന്റെ ട്രൈലർ റിലീസ് ചെയ്തിരിക്കുകയാണ്. പ്രേക്ഷകരിൽ ആകാംഷ ഉണർത്തുന്ന ഒരു കിടിലൻ ട്രൈറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബിസി അഞ്ചാം നൂറ്റാണ്ടിൽ മഗധ ഭരിച്ചിരുന്ന ഒരു രാജാവായിരുന്നു ബിംബിസാര .
ബിംബിസാര എന്ന രാജാവിന്റെ കഥാപാത്രം അവതരിപ്പിക്കുന്നത് നന്ദമുറി കല്യാൺ റാം ആണ്. ട്രൈലറിൽ രണ്ട് കാലഘട്ടങ്ങൾ ആണ് കാണിക്കുന്നത്. ഒപ്പം നായകന്റെ രണ്ട് വേഷങ്ങളും. ആദ്യ ഭാഗത്തിൽ ദുഷ്ടനും ക്രൂരനുമായ ഒരു രാജാവിനെ കാണിക്കുമ്പോൾ പുതിയ കാലത്തെ ശക്തനായ ഒരു ചെറുപ്പക്കാരനെയാണ് രണ്ടാം ഭാഗത്ത് കാണുന്നത്. നന്ദമുറി കല്യാൺ റാമിന്റെ വളരെ വ്യത്യസ്തമാർന്ന ഒരു ലുക്ക് തന്നെയാണ് ഈ ട്രൈലറിൽ കാണാൻ സാധിക്കുന്നത്.
കാതറിൻ തെരേസ , മലയാളി താരം സംയുക്ത മേനോൻ , വാരിന ഹുസൈൻ, വെന്നല്ല കിഷോർ, ബ്രഹ്മാജി , ശ്രീനിവാസ റെഡ്ഢി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. എൻ ടി ആർ പ്രെഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഹരി കൃഷ്ണ കെ ആണ്. സംവിധായകൻ വസിഷ്ഠ് തന്നെ രചന നിർവഹിച്ച ഈ ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയത് വാസുദേവ് ആണ്. എം.എം കീരവാണി ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത് വെങ്കട്, റാം കൃഷ്ണ എന്നിവർ ചേർന്നാണ്. ഛോട്ട കെ നായിഡു ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് തമ്മി രാജു ആണ്.