തിയേറ്ററുകളിൽ ആവേശം പടർത്തി വിജയകരമായി മുന്നേറുകയാണ് വിനയന്റെ സംവിധാന മികവിൽ അണിയിച്ചൊരുക്കിയ ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന ബ്രഹ്മാണ്ഡ ചിത്രം . ഈ ചരിത്ര സിനിമയിൽ നായകനായി വേഷമിട്ടത് നടൻ സിജു വിൽസൺ ആണ്. ഈ ചിത്രത്തിന്റെ സംവിധായകൻ വിനയന്റെയും ചിത്രത്തിലെ നായകനായ സിജു വിൽസണിന്റെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ് . തിരുവോണ ദിനത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയ ഈ ചിത്രം ഇപ്പോൾ തിയറ്ററുകൾ കീഴടക്കി പ്രദർശനം തുടരുകയാണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ചിത്രത്തിന്റെ ഒരു ബിഹൈൻഡ് ദി സീൻ വിഡിയോ ആണ്. സംവിധായകൻ വിനയൻ തന്നെയാണ് ഈ വീഡിയോ പ്രേക്ഷകർക്കായി പങ്കുവെച്ചത്. വിനയൻ പങ്കുവച്ച ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത് ചിത്രത്തിലെ നായകനായ സിജു വിൽസൺ കുതിരപ്പുറത്ത് വളരെ അനായാസമായി ചാടി കയറുന്നതാണ്. സിജുവിന് കുതിര സവാരി ഒട്ടും പരിചയമില്ലാത്ത കാര്യം ആയിരുന്നു എന്നും കഠിനാധ്വാനം നിറഞ്ഞ പരിശീലനത്തിലൂടെയാണ് താരം കുതിര പുറത്ത് കയറാനും സവാരി ചെയ്യാനും പഠിച്ചത് എന്നാണ് സംവിധായകൻ വിനയൻ പറയുന്നത്.
വിഡിയോ പങ്കുവെച്ചു കൊണ്ട് വിനയൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ് “എന്നോട് മലയാളത്തിലെ ചില സംവിധായക സുഹൃത്തുക്കൾ ചോദിച്ചു ; കുതിരപ്പുറത്ത് സിജു വിൽസൺ കയറുന്നത് റോപ്പിന്റെ സഹായത്തോടെ ആണോ എന്ന്. സിജുവിന് കുതിര സവാരി ഒന്നും അറിയാത്തിട്ടും എങ്ങനെയാണ് അനായാസമായി ഇങ്ങനെ കുതിരപ്പുറത്ത് ചാടി കേറാനും അതിവേഗം അതിന്മേൽ സഞ്ചരിക്കാനും ഒക്കെ സാധിച്ചത് ? കഠിനാധ്വാനം നിറഞ്ഞ സിജുവിന്റെ പരിശീലനം കൊണ്ടാണ്. അതിന്റെ ഒരു വിജയം എന്നതുപോലെയാണ് സിജു വിൽസൺ എന്ന ആക്ഷൻ ഹീറോയെ കേരളജനത ഏകകണ്ഠമായി അംഗീകരിച്ചിരിക്കുന്നത്”-
നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധപണിക്കരുടെ കഥ പറയുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന ഈ ചിത്രം ഗോകുലം ഗോപാലനാണ് നിർമ്മിച്ചിരിക്കുന്നത്.ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഒരുക്കിയ ഈ ചിത്രത്തിൽ മലയാള സിനിമയിലെ താരരാജക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ശബ്ദ സാന്നിധ്യമായി ഈ ചരിത്ര ചിത്രത്തിന്റെ ഭാഗമായി. ഒരു വമ്പൻ താരനിര തന്നെയാണ് ഈ ചിത്രത്തിൽ അണിയുന്നത്. മാധുരി, കയദു ലോഹർ, പൂനം ബജ്വ, ദീപ്തി സതി, അനൂപ് മേനോൻ , ചെമ്പൻ വിനോദ്, സുരേഷ് കൃഷ്ണ, സെന്തിൽ കുമാർ , ഗോകുലം ഗോപാലൻ, സുധീർ കരമന, ഇന്ദ്രൻസ് , മണികണ്ഠൻ ആചാരി , രാഘവൻ , സുദേവ് നായർ , സുനിൽ സുഗത എന്നിവരും ഈ ചിത്രത്തിൽ വേഷമിട്ടു.