കെ ജി എഫ് സീരിസ് സൃഷ്‌ടിച്ച വമ്പൻ തരംഗത്തിന് ശേഷം ഇന്ത്യൻ സിനിമയെ ഞെട്ടിക്കാൻ മറ്റൊരു ബ്രഹ്മാണ്ഡ കന്നഡ ചിത്രം കൂടി ഒരുങ്ങുകയാണ്. കന്നഡയിലെ റിയൽ സൂപ്പർസ്റ്റാർ ഉപേന്ദ്രയും, അഭിനയ ബാദ്ഷ കിച്ചാ സുദീപും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന “കബ്സ” ആണ് ഈ ചിത്രം . പാൻ ഇന്ത്യൻ റിലീസായാണ് ഈ ചിത്രം എത്തുന്നത്. ഇതിനോടകം പുറത്തുവന്ന ഈ ചിത്രത്തിൻറെ ടീസറും രണ്ട് ഗാനങ്ങളും വമ്പൻ പ്രേക്ഷകശ്രദ്ധയാണ് പിടിച്ചു പറ്റിയത്. അതിനുശേഷം ഇപ്പോഴിതാ ചിത്രത്തിലെ മൂന്നാമത്തെ ഗാനവും റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. പാൽ പാൽ പല്ലാങ്കുഴി എന്ന വരികളോടെ ആരംഭിക്കുന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിട്ടുള്ളത്. ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയത് മധുര കവിയും ഗാനം ആലപിച്ചിരിക്കുന്നത്
വാഗു, അരുൺ വിജയ് എന്നിവരും ചേർന്നാണ്. ഈ ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളത് കെജിഎഫ് എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ വമ്പൻ തരംഗം സൃഷ്ടിച്ച രവി ബസ്‌റൂർ ആണ് . ആനന്ദ് ഓഡിയോ യൂട്യൂബ് ചാനലിലാണ് ഈ ഗാനത്തിന്റെ ലിറിക് വീഡിയോ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.
പ്രശസ്ത സംവിധായകനായ ആർ ചന്ദ്രുവാണ് കബ്‌സ സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീ സിദ്ധേശ്വര എന്റർപ്രൈസസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമാതാവ് ആർ ചന്ദ്രശേഖർ ആണ് . എം. ടി .ബി നാഗരാജ് ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. മാസ് ആക്ഷൻ പിരിയോഡിക് എന്റർടെയിനർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം 1947-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിൽ ആണ് കഥ പറയുന്നത്. ശ്രേയ സരൺ , കോട്ട ശ്രീനിവാസറാവു, കബിർദ്ദുഹൻ സിംങ് , മുരളി ശർമ്മ, പോശാനി കൃഷ്ണ മുരളി, ജോൺ കൊക്കൻ, സുധ, ദേവ്ഗിൽ, കാമരാജൻ എന്നിവരും ഈ ചിത്രത്തിൻറെ താരനിരയിൽ അണിനിരക്കുന്നുണ്ട്. കന്നഡ ഭാഷക്ക് പുറമെ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, ഒറിയ തുടങ്ങി ഏഴ് ഇന്ത്യൻ ഭാഷകളിലായാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രത്തിലെ സംഘട്ടന രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് പീറ്റർ ഹൈയ്ൻ, രവിവർമ്മ, റാം ലക്ഷ്മൺ, വിജയ്, വിക്രം മോർ എന്നിവരാണ്. എ ജെ ഷെട്ടി ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിലെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് മഹേഷ് റെഡ്‌ഡിയാണ്. ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന ഗാനത്തിന്റെ ഹൈലൈറ്റ് ഉപേന്ദ്ര, ടാന്യ ഹോപ് എന്നിവരുടെ നൃത്തമാണ്.