സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച സൂപ്പർ ചിത്രമായിരുന്നു ധനം. ഒരു ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിൽ നായികയായി എത്തിയത് പുതുമുഖമായിരുന്ന ചാർമിളയായിരുന്നു. മലയാളികൾക്ക് ചീരപ്പൂവുകളുമായി എത്തിയ സുന്ദരി പിന്നീട് നിരവധി സിനിമകളിലും അഭിനയിച്ചു. ചാർമിള ഒരു അന്യഭാഷാ നായികയാണെന്ന് ആർക്കും ആ സമയത്ത് അറിയില്ലായിരുന്നു. മാത്രമല്ല സിനിമകളിൽ ചാർമിള സജീവമാവാൻ കാരണം സാക്ഷാൻ മോഹൻലാൽ തന്നെയായിരുന്നു. കൈരളി ടിവിയിലെ പഴയൊരു അഭിമുഖത്തിനിടെ ചാർമിള സിനിമയിൽ എത്തിയതിനെ കുറിച്ച് പറയുന്നു.
മോഹൻലാൽ സാർ മികച്ച അഭിനേതാവാണ് എന്ന് എല്ലാവർക്കുമറിയാം. എന്നാൽ മറ്റുള്ളവർക്കു വേണ്ടി എന്ത് സഹായത്തിനും ഒപ്പം ഉണ്ടാവുന്ന നല്ലൊരു മനുഷ്യസ്നേഹി കൂടിയാണ് അദ്ദേഹം. എന്റെ അച്ഛന് ഞാൻ സിനിമയിൽ അഭിനയിക്കുന്നതിനോട് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. പക്ഷേ എനിക്ക് എങ്ങനെയെങ്കിലും സിനിമയിൽ അഭിനയിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനായി സ്കൂളിൽ പോകാതെ ഭക്ഷണം കഴിക്കാതെ ഞാൻ പ്രതിഷേധം അറിയിച്ചു. പ്രതിഷേധത്തിനൊടുവിൽ ഒരുവിധം അച്ഛൻ സമ്മതിച്ചു.
അങ്ങനെ പ്രൊഡ്യൂസർ ബാലാജി അങ്കിൾ പറഞ്ഞിട്ടാണ് സിനിമയിലേക്ക് അവസരം വരുന്നത്. മോഹൻലാൽ സാറിന്റെ ഭാര്യാ പിതാവാണ് ബാലാജി അങ്കിൾ. എന്നാൽ ഒന്നു രണ്ടു സിനിമകൾക്കു ശേഷം സിനിമാ അഭിനയം ഉപേക്ഷിക്കണമെന്ന് അച്ഛൻ നേരത്തെ പറഞ്ഞു. സാധാരണഗതിയിൽ സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാനായി പോർട്ടഫോളിയോ എടുക്കും. പക്ഷേ അച്ഛൻ അതൊന്നും ചെയ്യാൻ അനുവദിച്ചില്ല. ഇത് മോഹൻലാൽ സാർ ശ്രദ്ധിച്ചിരുന്നു. അദ്ദേഹം ഇതിനെ കുറിച്ച് അച്ഛനോട് സംസാരിച്ചു.