ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നടി ദീപാ തോമസ്. മലയാളത്തിന്റെ മഹാനടന്റെ പ്രതികരണം വായിച്ചുവെന്നും ഇതിലും സഹാനുഭൂതിയുള്ള ഒരു പ്രസ്താവന ചാറ്റ് ജി.പി.ടി തയാറാക്കുമെന്നുമാണ് ദീപ പറഞ്ഞത്. സ്വന്തം പേരക്കുട്ടിയെക്കൊണ്ട് എഴുതിച്ചതുപോലെയാണ് മമ്മൂട്ടിയുടെ പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയതെന്നും ദീപ കൂട്ടിച്ചേര്‍ത്തു. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ദീപ പ്രതികരിച്ചത്. മലയാളത്തിലെ മഹാനടന്‍ എന്ന് പറയപ്പെടുന്ന നടന്റെ നിലപാട് വായിക്കേണ്ടി വന്നു. ഇതിലും സഹാനുഭൂതിയോടെ എഴുതാന്‍ ചാറ്റ് ജി.പി.ടിക്ക് കഴിയും. എനിക്ക് തോന്നുന്നത് അദ്ദേഹത്തിന്റെ പേരക്കുട്ടിയെക്കൊണ്ട് എഴുതിച്ചതാണ് ഈ നിലപാടെന്നാണ്’ ദീപ പറഞ്ഞു. വൈറസ്, മോഹന്‍കുമാര്‍ ഫാന്‍സ്, ഹോം, പെരുമാനി, സുലൈഖ മന്‍സില്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് ദീപ.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ തന്റെ നിലപട് വ്യക്തമാക്കിക്കൊണ്ട് നടന്‍ മമ്മൂട്ടി കഴിഞ്ഞ ദിവസമാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരിച്ചത്. ഔദ്യോഗിക പ്രസ്താവനകള്‍ക്ക് ശേഷമാകാം തന്റെ പ്രതികരണമെന്ന് പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി കുറിപ്പ് ആരംഭിച്ചത്. സിനിമയില്‍ ‘ശക്തികേന്ദ്ര’ങ്ങളില്ലെന്നും അങ്ങനെയൊന്നിന് നിലനില്‍ക്കാന്‍ പറ്റുന്നയിടമല്ല സിനിമയെന്നും മമ്മൂട്ടി പറഞ്ഞു.പരാതികളില്‍ പൊലീസ് അന്വേഷണം നടത്തട്ടെയെന്നും ശിക്ഷാവിധികള്‍ കോടതി തീരുമാനിക്കട്ടെയെന്നും മമ്മൂട്ടി പോസ്റ്റില്‍ പറഞ്ഞു. എന്നാല്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പ്രസ്താവനകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാളത്തിലെ പല നടന്മാര്‍ക്കെതിരെയും പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ അമ്മയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു