ബിഗ് ബോസ് മലയാളം സീസൺ 7: രേണു സുധിയും അനീഷും തമ്മിൽ വാക് പോര്!

Posted by

ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ അഞ്ചാം ദിവസം രാവിലെയാണ് രേണു സുധിയും അനീഷും തമ്മിൽ രൂക്ഷമായ വാക് പോരുണ്ടായത്. വേക്കപ്പ് സോങ്ങിനു ശേഷം രേണു ഉറങ്ങിയെന്ന് അനീഷ് ആരോപിച്ചതോടെയാണ് തർക്കങ്ങൾ ആരംഭിച്ചത്. താൻ ഉറങ്ങിയിട്ടില്ലെന്ന് രേണു ആവർത്തിച്ച് പറഞ്ഞെങ്കിലും, അത് കേൾക്കാൻ അനീഷ് തയ്യാറായില്ല. ഇത് പിന്നീട് വലിയ വാക് പോരിലേക്ക് വഴിതുറന്നു. അനീഷിന്റെ ആരോപണത്തിൽ രോഷം പൂണ്ട രേണു, “കണ്ണടയ്ക്കും തലകുത്തി നിൽക്കും. താൻ തന്റെ കാര്യം നോക്കടോ. ആണാണെന്ന് പറഞ്ഞ് പെണ്ണുങ്ങളുടെ വായിലിരിക്കുന്നത് കേൾക്കുന്നത്. നാണം കെട്ടവനെ,” എന്ന് പ്രതികരിച്ചു. ഇതിന് മറുപടിയായി “അതെ ഞാൻ തന്നെയാ ബിഗ് ബോസ്. രേണു വിചാരിച്ചാലും പിടികിട്ടില്ല. നിങ്ങൾ വിചാരിക്കുന്നതിനും മേലെയാണ് അനീഷ്,” എന്ന് അനീഷ് പറഞ്ഞു.

ഈ തർക്കത്തിൽ മറ്റ് മത്സരാർത്ഥികളും ഇടപെട്ടു, എല്ലാവരും അനീഷിനെതിരെയാണ് നിലയുറപ്പിച്ചത്. “രേണു സുധിയെ തനിക്ക് പേടിയാണോ. രേണുവിനോട് സംസാരിച്ച് നിൽക്കാൻ അനീഷിന് പറ്റില്ല. ഫയറാണത്. നീ കൂട്ടിയാൽ കൂടില്ല,” എന്നായിരുന്നു ഷാനവാസ് അനീഷിനോട് പറഞ്ഞത്. തർക്കത്തിനിടെ രേണുവിനെ “മോളേ” എന്ന് വിളിച്ചും പേരിലെ “സുധി” ആരാണെന്ന് ചോദിച്ചും അനീഷ് പ്രകോപിപ്പിക്കാൻ ശ്രമിച്ചു. “രേണു മോളല്ല. യു കോൾ മി രേണു സുധി. ആരാണ് സുധി? അത് വേണ്ട ആ രീതിയിലുള്ള സംസാരം വേണ്ട. മരിച്ച് പോയ ആളെ എന്തിനാ വിളിക്കണേ,” എന്ന് രേണു വികാരഭരിതയായി പ്രതികരിച്ചു. തനിക്കതിനെക്കുറിച്ച് അറിയില്ലെന്നും ആരുടെയും വ്യക്തിപരമായ കാര്യങ്ങൾ അറിയില്ലെന്നും അനീഷ് പറഞ്ഞു. തർക്കത്തിനിടെ അനീഷ് ഒരാളെ പുറത്താക്കാൻ ശ്രമിക്കുകയാണെന്നും കൈയ്യാങ്കളി കളിക്കരുതെന്നും വാക് പോര് തുടരാമെന്നും അനുമോൾ രേണുവിന് ഉപദേശം നൽകി.

മത്സരം പുരോഗമിക്കുമ്പോൾ മത്സരാർത്ഥികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും സാധാരണമാണ്. ഈ വാക് പോര് സീസൺ 7-ൽ കൂടുതൽ സംഭവങ്ങൾക്ക് വഴിതുറക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.