അട്ടപ്പാടി മധു കൊലക്കേസ് ആസ്പദമാക്കി ഒരുക്കുന്ന സിനിമ ആദിവാസി..! ടീസർ കാണാം..

Posted by

കേരളത്തിൽ വലിയ വിവാദം സൃഷ്ടിച്ച കോടതിയിൽ ഇപ്പോഴും കേസ് നിൽക്കുന്ന സംഭവമാണ് അട്ടപ്പാടി മധു കൊലക്കേസ് . ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് അട്ടപ്പാടി സ്വദേശിയായ മധു എന്ന യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തി. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം അട്ടപ്പാടിയിൽ ഉണ്ടായത് ഏകദേശം നാലു വർഷത്തോളം മുൻപാണ്. ഇപ്പോഴിതാ ഈ സംഭവത്തെ ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുകയാണ്. വിശപ്പ് പ്രമേയമായി മുടുക ഗോത്ര ഭാഷയിൽ, ആദിവാസി ( ദി ബ്ലാക്ക് ഡെത്ത് ) എന്ന പേരിൽ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് പുറത്തുവിട്ടു.

ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിജീഷ് മണി ആണ്. പ്രശസ്ത മലയാള നടനായ അപ്പാനി ശരത് ആണ് ചിത്രത്തിൽ മധു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹൻ റോയ് ആണ് . വിശപ്പും, വർണ്ണ വിവേചനവും, പരിസ്ഥിതി പ്രശ്നങ്ങളും, കാലാവസ്ഥ വ്യതിയാനവും ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തമാകുന്നത്. അനശ്വര ചാരിറ്റബിൾ ട്രസ്റ്റാണ് ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസ് . പി മുരുഗേശ്വരൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ബി ലെനിനാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. എം. തങ്കരാജ് ആണ് സംഭാഷണങ്ങൾ ഒരുക്കിയിട്ടുള്ളത്.

സോഹൻ റോയ് , മധുവിന്റെ മരണത്തെ ആസ്പദമാക്കി യാത്രാമൊഴി എന്ന പേരിൽ എഴുതിയ കവിത വൈറൽ ആയി മാറിയിരുന്നു. ഈ ചിത്രം ഒരുക്കാൻ അദ്ദേഹത്തിന് പ്രചോദനമായതും അതു തന്നെയാണ്. ഓസ്കാർ ചുരുക്കപ്പട്ടികയിൽ ഇടം നേടുകയും ഒപ്പം പാരീസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയെടുക്കുകയും ചെയ്ത മ് മ് മ് ( സൗണ്ട് ഓഫ് പെയിൻ) എന്ന സിനിമയ്ക്ക് ശേഷം സോഹൻ റോയ്,വിജീഷ് മണി എന്നിവർ ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ആദിവാസി എന്ന ചിത്രത്തിനുണ്ട്.

Categories