വീണ്ടും ആരാധകരെ ഞെട്ടിക്കാൻ ബാലയ്യ..! പുതിയ ചിത്രത്തിൻ്റെ മാസ്സ് ടീസർ കാണാം..

ആരാധകർ ഏറെ കാത്തിരിക്കുന്ന തെലുങ്കു ചിത്രങ്ങളിലൊന്നാണ് തെലുങ്കു സൂപ്പർ താരം നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയുടെ നൂറ്റിയേഴാം ചിത്രം . ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ പുറത്തു വരികയും പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ഇതിന്റെ അണിയറ പ്രവർത്തകർ ഈ ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തു വിട്ടിരിക്കുകയാണ് . ഇതുവരെയും പേര് നൽകാത്ത ഈ ചിത്രം ഇപ്പോൾ അറിയപ്പെടുന്നത് എൻ ബി കെ 107 എന്ന പേരിലാണ്. ഈ ചിത്രത്തിന്റെ ഒരു കിടിലൻ മാസ്സ് ടീസറാണ് പുറത്തു വന്നിരിക്കുന്നത് , മരണ മാസ്സ് ലുക്കിൽ ബാലയ്യ എത്തുന്നു എന്നതും ശ്രദ്ധേയമാണ് .

ബാലയ്യയുടെ ജന്മദിനം പ്രമാണിച്ചാണ് പുറത്തു വിട്ടിരിക്കുന്ന ഈ ടീസറിൽ പക്കാ മാസ് ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളുമായി ബാലയ്യ നിറഞ്ഞു നിൽക്കുകയാണ്. ബാലയ്യ ഈ ചിത്രത്തിൽ നരച്ച താടിയും പിരിച്ചു വെച്ച മീശയും കൂളിംഗ് ഗ്ലാസും അണിഞ്ഞു, കറുത്ത ഷർട്ടും മുണ്ടും ഉടുത്ത് ഗാഭീര്യമേറിയ ഒരു ലുക്കിലാണ് എത്തിയിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ശ്രുതി ഹാസനാണ് ഈ ചിത്രത്തിലെ നായികയായി എത്തുന്നത്. ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ വരലക്ഷ്മി ശരത്കുമാറും എത്തുന്നുണ്ട്.

ഈ ചിത്രത്തിന്റെ സംവിധായകനായ ഗോപിചന്ദ് മല്ലിനേനി ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. ഗോപിചന്ദ് മല്ലിനേനി തൊട്ടു മുൻപ് സംവിധാനം ചെയ്ത ചിത്രം രവി തേജ നായകനായി എത്തിയ ക്രാക്ക് എന്ന സൂപ്പർ ഹിറ്റ് ചിത്രം ആയിരുന്നു . തമൻ എസ് ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. ഋഷി പഞ്ചാബിയാണ് ചിത്രത്തിന്റെ ക്യാമറമാൻ. ശിവ, റാം- ലക്ഷ്മൺ ടീം എന്നിവരാണ് ചിത്രത്തിലെ അത്യുഗ്രൻ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. നവീൻ നൂലിയാണ് എഡിറ്റർ. ബാലയ്യയുടെ തൊട്ടു മുൻപത്തെ റിലീസ് ചിത്രം , കരിയറിലെ ആദ്യത്തെ നൂറു കോടി ഗ്രോസ് നേടിയ അഖണ്ഡ എന്ന ചിത്രമായിരുന്നു . ആ ചിത്രത്തിന്റെ സംവിധായകനായ ബോയപ്പട്ടി ശ്രീനുവിനോടൊപ്പം താരം വീണ്ടും ഒന്നിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തകളും ഇപ്പോൾ വരുന്നുണ്ട്.

Scroll to Top