മനോഹര പ്രണയ രംഗങ്ങൾ കോർത്തിണക്കി ബ്രോ ഡാഡി ആദ്യ ഗാനം.. കാണാം..!

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാലും പൃഥ്വിരാജും പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. പറയാതെ വന്നെൻ ജീവനിൽ എന്നാരാംഭിക്കുന്ന പ്രണയ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഗാനരംഗത്തിൽ മോഹൻലാൽ – മീന താര ജോടികളും പൃഥ്വിരാജ് – കല്യാണി താര ജോടികളുമാണ് അഭിനയിച്ചിട്ടുള്ളത്. ഈ ഗാനത്തിലെ ഹൈലൈറ്റ് ആയി മാറുന്നത് മോഹൻലാൽ – മീന താര ജോടികളുടെ റൊമാൻസ് ആണ്. പോസ്റ്റ് ചെയ്ത് നിമിഷ നേരം കൊണ്ട് തന്നെ നിരവധി കാഴ്ച്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്.

മാത്രമല്ല ഒട്ടേറെ പ്രേക്ഷകരാണ് ഗാനത്തിന് മികച്ച പ്രതികരണം രേഖപ്പെടുത്തിയിട്ടുള്ളത്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേർന്നാണ്. ലക്ഷ്മി ശ്രീകുമാറാണ് ഗാനത്തിന്റെ രചന നിർവഹിച്ചിട്ടുള്ളത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ ഒരുക്കുന്ന ഈ ചിത്രത്തിൽ കനിഹ, ലാലു അലക്സ്, ജഗദീഷ് , സൗബിൻ ഷാഹിർ, ഉണ്ണിമുകുന്ദൻ, മല്ലിക സുകുമാരൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.

നേരത്തെ തന്നെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറും, ട്രൈലറും പ്രേക്ഷകർക്കിടയിൽ ഓളം സൃഷ്ടിച്ചിരുന്നു. പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രം ഓൺലൈൻ ഫ്ലാറ്റ് ഫോമായ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ജനുവരി ഇരുപത്തിയാറിന് പ്രേക്ഷകർക്ക് മുന്നിൽ എത്തും. നവാഗതരായ ശ്രീജിത്ത്, ബിബിൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിട്ടുളളത് .

Scroll to Top