ഇതൊന്നും എനക്ക് വേണ്ടിട്ടല്ല ഒക്കെം പാർട്ടിടെ നല്ലതിനുവേണ്ടിയാ… കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ചാവേർ.. ട്രൈലർ കാണാം..

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകൻ ടിനു പാപ്പച്ചൻ അണിയിച്ചൊരുക്കുന്ന പുത്തൻ മലയാള ചിത്രമാണ് ചാവേർ . ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമായ ഇതിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. കുഞ്ചാക്കോ ബോബൻ , ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പൂർണ്ണമായും രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത് എന്ന കാര്യം ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. പാർട്ടികൾക്ക് വേണ്ടി കൊല്ലാനും ചാവാനും നടക്കുന്ന ഒരുകൂട്ടം യുവാക്കളുടെ കഥയാണ് ഈ ചിത്രത്തിലൂടെ തുറന്നു കാണിക്കുന്നത്. തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രൈലർ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് നേടിയത്.

അക്രമാസക്തമായ ഏറ്റുമുട്ടലുകളും കടുത്ത രാഷ്ട്രീയ മത്സരങ്ങളുമാണ് ഈ ചിത്രത്തിൻറെ ഇതിവൃത്തം. കുഞ്ചാക്കോ ബോബൻ , ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരെ കൂടാതെ സജിൻ ഗോപു , സംഗീത മാധവൻ നായർ , ജോയ് മാത്യു, മനോജ് കെ. യു , അനുരൂപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. സെപ്റ്റംബർ 21നായിരുന്നു ചിത്രത്തിൻറെ റിലീസ് ആദ്യം തീരുമാനിച്ചിരുന്നത് പിന്നീട് ഇത് മാറ്റി വയ്ക്കുകയായിരുന്നു.

ജോയ് മാത്യു ചിത്രത്തിൻറെ രചന നിർവഹിച്ചിട്ടുള്ളത്. അരുൺ നാരായണൻ പ്രൊഡക്ഷൻസ്, കാവ്യ ഫിലിം കമ്പനി എന്നിവയുടെ ബാനറിൽ അരുൺ നാരായണനും വേണു കുന്നപ്പള്ളിയുമാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജിന്റോ ജോർജ് ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ എഡിറ്റർ നിഷാദ് യൂസഫ് ആണ് . ജസ്റ്റിൻ വർഗീസ് ആണ് ഇതിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്.

Scroll to Top