മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ നായകനാക്കി നവാഗതനായ ശ്രീകുമാർ മേനോൻ ഒരുക്കിയ മലയാള ചിത്രമായിരുന്നു ഒടിയൻ. 2018 ഡിസംബറിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ രചന നിർവഹിച്ചത് ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണൻ ആണ് . ഏറ്റവും വലിയ ഹൈപ്പിൽ എത്തിയ മലയാള ചിത്രമായിരുന്നു ഒടിയൻ. ഇതിനു വേണ്ടി തന്റെ അമ്പത്തിയെട്ടാം വയസ്സിൽ നടൻ മോഹൻലാൽ വമ്പൻ ഫിസിക്കൽ മേക്കോവറിനു ആണ് വിധേയനായത്. എന്നാൽ വമ്പൻ ഹൈപ്പിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച ഈ ചിത്രം നേരിടേണ്ടി വന്നത് വൻ പരാജയമാണ്. പ്രേക്ഷക പ്രതീക്ഷകളെ തച്ചുടച്ചതിനാൽ വലിയ സോഷ്യൽ മീഡിയ ആക്രമണമാണ് സംവിധായകന് നേരിടേണ്ടി വന്നത്.
മോഹൻലാലിനെ താരമൂല്യത്തിന്റെ ബലത്തിൽ വിമർശനങ്ങൾക്കിടയിലും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച ഈ ചിത്രം അമ്പതു കോടിക്ക് മുകളിൽ ഗ്രോസ് നേടി. ആ വർഷം പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണി, ഞാൻ പ്രകാശൻ എന്നിവ കഴിഞ്ഞാൽ ഏറ്റവും വലിയ മലയാളം ഗ്രോസ്സറുമായി ഒടിയൻ എത്തി. ഇപ്പോഴിതാ ഒടിയന്റെ ഹിന്ദി പതിപ്പ് പ്രദർശനത്തിന് എത്താൻ പോവുകയാണ്.
ഇപ്പോഴിതാ അണിയറ പ്രവർത്തകർ ഹിന്ദി ഭാഷയിലേക്ക് മൊഴിമാറ്റി ഇറക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ പുറത്തു വിട്ടു. പെൻ മൂവീസിന്റെ യൂട്യൂബ് ചാനലിലാണ് ഈ ട്രെയിലർ പുറത്തുവിട്ടിട്ടുള്ളത്. ഈ ചാനലിൽ കൂടി തന്നെ നാളെ ഒടിയന്റെ ഹിന്ദി പതിപ്പും റിലീസ് ചെയ്യും. മോഹൻലാലിനെ കൂടാതെ പ്രകാശ് രാജ്, മഞ്ജു വാരിയർ, നരേൻ, സിദ്ദിഖ്, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ മനോഹരമാക്കിയിട്ടുള്ളത്. ഒടിയൻ ഹിന്ദി പതിപ്പ് ഇറക്കാൻ അണിയറ പ്രവർത്തകരെ പ്രേരിപ്പിച്ചത് മറ്റ് മോഹൻലാൽ ചിത്രങ്ങളുടെ ഹിന്ദി പതിപ്പുകൾ നേടുന്ന വലിയ വിജയമാണ്. വലിയ വിജയം നേടിയ പുലി മുരുകൻ, വില്ലൻ, ലൂസിഫർ എന്നീ ചിത്രങ്ങളുടെ ഹിന്ദി പതിപ്പുകളും കൂടാതെ കേരളത്തിൽ വിജയിക്കാതെ പോയ ബിഗ് ബ്രദർ, ആറാട്ട് എന്നിവയുടെ ഹിന്ദി പതിപ്പുകൾക്കും അഭൂതപൂർവമായ സ്വീകരണമാണ് യൂട്യൂബിൽ ലഭിച്ചത്. ഇതു തന്നെയാണ് ഒടിയന്റെ ഹിന്ദി പതിപ്പ് ഇറക്കാൻ അണിയറ പ്രവർത്തകർക്ക് പ്രചോദനമായത്.