ഭാവന നായികയായി എത്തുന്ന ഷാജി കൈലാസിൻ്റെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ഹണ്ട്.. ട്രൈലർ കാണാം..

മോഹൻലാലിനെ നായകനാക്കി അണിയിച്ചൊരുക്കിയ എലോൺ എന്ന ചിത്രത്തിനുശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുത്തൻ ഹൊറർ സസ്പെൻസ് ത്രില്ലർ ചിത്രമാണ് ഹണ്ട്. ഭാവന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഹൊറർ മൂഡിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ മേക്കിങ് വീഡിയോ ചിത്രീകരണ സമയത്ത് തന്നെ പുറത്ത് വിടുകയും അത് ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.ഗുഡ്വിൽ എന്റർടൈൻമെന്റിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഹണ്ടിന്റെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ പ്രേക്ഷകർക്ക് മുൻപാകെ എത്തിയത്. ഹൊററും സസ്പെൻസും ചേർന്ന ഒരു ത്രില്ലർ ചിത്രമാണ് ഇതെന്ന സൂചന ട്രെയിലർ വീഡിയോയിൽ നിന്നും ലഭിക്കുന്നുണ്ട്. ഭാവന ഈ ചിത്രത്തിൽ എത്തുന്നത് ഡോക്ടർ കീർത്തി എന്ന കഥാപാത്രമായാണ്. മെഡിക്കൽ കോളേജിലേക്ക് എത്തുന്ന ഒരു കേസും അതേത്തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ഈ ചിത്രത്തിൻറെ പ്രമേയം.ഭാവനയെ കൂടാതെ രഞ്ജി പണിക്കർ, അജ്മൽ അമീർ , ചന്ദുനാഥ്, അനു മോഹൻ , സുരേഷ് കുമാർ , രാഹുൽ മാധവ് , ബിജു പപ്പൻ , നന്ദു, വിജയകുമാർ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. നിഖിൽ ആനന്ദ് ആണ് ഈ ചിത്രത്തിൻറെ രചന നിർവഹിച്ചത്. ഈ ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത് കെ രാധാകൃഷ്ണനാണ്. ജാക്സൺ ജോൺസൺ ക്യാമറ ചലിപ്പിച്ച ഹണ്ടിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് അഖിൽ എ ആർ ആണ് . കൈലാസ് മേനോൻ ആണ് ഇതിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്.2017 ൽ പുറത്തിറങ്ങിയ ആദം ജോൺ എന്ന ചിത്രത്തിനു ശേഷം ഭാവന മലയാളത്തിൽ വേഷമിട്ടത് ഈ വർഷം പുറത്തിറങ്ങിയ ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിൽ ആണ്. ഈ ചിത്രം വേണ്ടത്ര ശ്രദ്ധ താരത്തിന് നേടി കൊടുത്തില്ല. ഹണ്ട് ഒരു ഗംഭീര വിജയ ചിത്രമായി മാറും എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. കന്നട തമിഴ് മലയാളം ഭാഷകളിലായി ഓരോ ചിത്രങ്ങൾ കൂടി ഭാവനയുടെതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നുണ്ട്.

Scroll to Top