പൃഥ്വിരാജിൻ്റെ ഗംഭീര ഫൈറ്റിൽ ശ്രദ്ധ നേടി കടുവ ടീസർ…!

മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കടുവ. ഒരിടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാന മികവിൽ ഒരുങ്ങുന്ന ഒരു പക്കാ മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് കടുവ. ഈ വരുന്ന ജൂൺ മുപ്പതിനാണ് ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത്. ഈ ചിത്രത്തിന്റെ പോസ്റ്ററുകളും ആദ്യ ടീസറും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയെടുത്തിരുന്നു. ഇപ്പോഴിതാ കടുവയുടെ രണ്ടാം ടീസർ റിലീസ് ചെയ്തിരിക്കുകയാണ്.

കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കിടിലൻ ഡയലോഗും ആവേശകരമായ സംഘട്ടന രംഗങ്ങളുമാണ് ഇപ്പോൾ പുറത്തിറങ്ങിയ ടീസറിന്റെ ഹൈലൈറ്റ്. ജിനു എബ്രഹാം ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ ആണ് പുറത്തിറങ്ങുന്നത്.

ലൂസിഫർ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ആണ് ഈ ചിത്രത്തിൽ വില്ലൻ വേഷം ചെയ്യുന്നത്. സംയുക്ത മേനോനാണ് ഈ ചിത്രത്തിലെ നായികയായി എത്തുന്നത് . ഇവരെ കൂടാതെ അജു വർഗീസ്, സുദേവ് നായർ,സിദ്ദിഖ്, വിജയ രാഘവൻ, കലാഭവൻ ഷാജോൺ, സായി കുമാർ, സീമ, അർജുൻ അശോകൻ, ജനാർദ്ദനൻ, രാഹുൽ മാധവ്, റീന മാത്യൂസ്, ദിലീഷ് പോത്തൻ, പ്രിയങ്ക നായർ, കൊച്ചു പ്രേമൻ, മീനാക്ഷി, വൃദ്ധി വിശാൽ, ജൈസ് ജോസ്, സച്ചിൻ കടേക്കർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സുജിത് വാസുദേവ്, അഭിനന്ദം രാമാനുജൻ എന്നിവരാണ് കടുവക്കു വേണ്ടി ദൃശ്യങ്ങളൊരുക്കിയിട്ടുള്ളത്. ജേക്സ് ബിജോയി ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദാണ്. ഒരിടവേളയ്ക്ക് ശേഷം എത്തുന്ന ഷാജി കൈലാസ് ഈ ചിത്രം കൂടാതെ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന എലോൺ, പൃഥ്വിരാജ്- ആസിഫ് അലി കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന കാപ്പ, സ്ത്രീ പ്രാധാന്യമുള്ള പിങ്ക് പോലീസ് എന്നി ചിത്രങ്ങളും പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ തയ്യാറെടുക്കുകയാണ്.

Scroll to Top