വിജയുടെ തകർപ്പൻ ഡാൻസുമായി ലിയോയിലെ ആദ്യ ഗാനം..!

ഇക്കഴിഞ്ഞ ജൂൺ 22 ന് ആയിരുന്നു ദളപതി വിജയുടെ ജന്മദിനം. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുത്തൻ ചിത്രം ലിയോയിലെ ആദ്യ ഗാനം റിലീസ് ചെയ്തു. സോഷ്യൽ മീഡിയയിൽ ഒരു കോടിയേറെ കാഴ്ചക്കാരെ നേടി കൊണ്ട് ഈ ലിറിക്കൽ വീഡിയോ ഗാനം ട്രെൻഡിങ് ആയി മാറുകയാണ്. ജോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ് നാലേക്കാൽ മിനിട്ട് ദൈർഘ്യമുള്ള ഗാന വീഡിയോ പ്രേക്ഷകർക്ക് മുൻപാകെ എത്തിയത്. ലിറിക്കൽ വീഡിയോയിൽ താരത്തിന്റെ കിടിലൻ ഡാൻസ് പെർഫോമൻസും ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രഖ്യാപിച്ച നാൾമുതൽ ലോകേഷ് കനകരാജ് – വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ ചിത്രത്തിനായി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിനോടകം പുറത്ത് ഇറങ്ങിയ ചിത്രത്തിൻറെ ടീസർ വീഡിയോയ്ക്കെല്ലാം തമിഴ് പ്രേക്ഷകരിൽ നിന്നും മലയാളം പ്രേക്ഷകരിൽ നിന്നും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോഴത്തെ അതേ ആവേശത്തോടെ തന്നെയാണ് ആദ്യ വീഡിയോ ഗാനവും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നാ റെഡി തുടങ്ങുന്ന ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് അനിരുദ്ധ് രവിചന്ദറും വരികൾ തയ്യാറാക്കിയത് വിഷ്ണു എടവനും ആണ് . അനിരുദ്ധും നടൻ വിജയും ചേർന്നാണ് മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.

ലോകേഷ് കനകരാജ് തന്നെ രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ വിജയെ കൂടാതെ സഞ്ജയ് ദത്ത്, തൃഷ , അർജുൻ , ഗൗതം വാസുദേവ് മേനോൻ , മിസ്കിൻ, മൻസൂർ അലി ഖാൻ , പ്രിയ ആനന്ദ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ലളിത് കുമാർ നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം 7 സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ ആണ് പുറത്തിറങ്ങുന്നത്. ജഗദീഷ് പളനി സ്വാമി ചിത്രത്തിൻറെ സഹ നിർമ്മാതാവ് ആണ്. മനോജ് പരമഹംസ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തത് ഫിലോമിൻ രാജ് ആണ് . ആക്ഷൻ രംഗങ്ങൾ അണിയിച്ച് ഒരുക്കിയിരിക്കുന്നത് അൻമ്പറിവ് ആണ്.

Scroll to Top