ലെനയും അർജുൻ അശോകനും ഒന്നിക്കുന്ന ഓളം..! പ്രേക്ഷക ശ്രദ്ധ നേടിയ ട്രൈലർ കാണാം..

നടി ലെന ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ഓളം . നവാഗതനായ വി എസ് അഭിലാഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഇതിനു മുൻപ് പുറത്തിറങ്ങിയ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ ട്രെൻഡ് മ്യൂസിക് യൂട്യൂബ് ചാനലിലൂടെ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഓളത്തിന്റെ ഒഫീഷ്യൽ ട്രെയിലർ വീഡിയോയും പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്.

അർജുൻ അശോകൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം സൈക്കോളജിക്കൽ ത്രില്ലർ പാറ്റേണിൽ ആണ് അണിയിച്ചൊരുക്കിയിട്ടുള്ളത് എന്ന കാര്യം ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. സമ്മിശ്ര പ്രതികരണമാണ് ട്രെയിലർ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പതിവിൽ നിന്നും ഏറെ വ്യത്യസ്തമായ ഒരു ഗെറ്റപ്പിൽ ആണ് അർജുൻ അശോകൻ ഈ ചിത്രത്തിൽ എത്തുന്നത്. കാട്ടിൽ അകപ്പെട്ടു പോകുന്ന നായക കഥാപാത്രത്തിന് പിന്നീട് നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് ഈ ചിത്രത്തിലൂടെ കാണാൻ സാധിക്കുന്നത്. അവിടെ ഒളിഞ്ഞു കിടക്കുന്ന നിഗൂഢതയാണ് ചിത്രം കാണിച്ചുതരുന്നതെന്ന് ട്രെയിലർ വീഡിയോയിൽ നിന്നും മനസ്സിലാക്കാം.

അർജുൻ അശോകനെ കൂടാതെ ലെന, നോബി മാർക്കോസ്, ബിനു പപ്പു , ഹരിശ്രീ അശോകൻ , സുരേഷ്, ചന്ദ്ര മേനോൻ , പോളി വത്സൻ എന്നിവരും ഈ ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജൂലൈ 7 മുതൽക്കാണ് ചിത്രം തീയറ്ററുകളിൽ പ്രദർശനം ആരംഭിക്കുന്നത്. പുനത്തിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് നൗഫൽ പുനത്തിലാണ്. നീരജ് രവി, അഷ്കർ എന്നിവർ ചേർന്നാണ് ചിത്രത്തിനുവേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സംജിത് മുഹമ്മദ് ആണ് എഡിറ്റിംഗ് നിർവഹിച്ചിട്ടുള്ളത്. ഓളത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത് അരുൺ തോമസ് ആണ് .

Scroll to Top