പ്രേക്ഷക ശ്രദ്ധ നേടി കടുവയിലെ “പാൽവർണ്ണ കുതിരമേൽ” ഗാനം കാണാം..

മലയാള സിനിമയിലെ പ്രിയ താരം പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിൽ എത്തി , മലയാളത്തിലെ ശ്രദ്ധേയ സംവിധായകൻ ഷാജി കൈലാസ് ഒരുക്കിയ ബിഗ് ബഡ്ജറ്റ് മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് കടുവ. ഈ വരുന്ന ജൂൺ മുപ്പതിന് ഈ ചിത്രം പ്രദർശനത്തിന് എത്തുകയാണ്. ഇതിനോടകം പുറത്തു വന്ന കടുവയുടെ രണ്ടു ടീസറുകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചവയാണ്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായി എത്തുന്ന പൃഥ്വിരാജിന്റെ തട്ട് പൊളിപ്പൻ ഡയലോഗും കിടിലൻ സംഘട്ടനവുമാണ് ഈ ടീസറുകളിൽ നിറഞ്ഞു നിന്നത്. അതുപോലെ തന്നെ ജേക്സ് ബിജോയി ഒരുക്കിയ ചിത്രത്തിന്റെ പശ്‌ചാത്തല സംഗീതവും ആരാധകർക്ക് ആവേശം പകർന്നു .

ടീസറുകൾക്ക് ശേഷം ഇപ്പോഴിതാ ഈ ചിത്രത്തിലെ ഏറ്റവും പുതിയ ലിറിക്കൽ വീഡിയോ സോങ് റിലീസ് ചെയ്തിരിക്കുകയാണ്. നിലവിൽ ഈ ഗാനം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. പാൽവർണ്ണ കുതിരമേൽ എന്ന വരികളോടെ ആരംഭിക്കുന്ന ഒരു ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സന്തോഷ് വർമയാണ് ഈ ഗാനത്തിന്റെ രചയിതാവ്. ലിബിൻ സ്കറിയ, മിഥുൻ സുരേഷ്, ശ്വേതാ അശോക് എന്നിവർ ചേർന്ന് ആലപിച്ച ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്.

ഈ ഗാനത്തിന്റെ ലിറിക് വീഡിയോയിൽ നടൻ പൃഥ്വിരാജ് സുകുമാരന്റെ കിടിലൻ മാസ്സ് സ്റ്റില്ലുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ ആണ് ഒരുങ്ങുന്നത്. ഈ ചിത്രത്തിലെ വില്ലനായി എത്തുന്നത് ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ആണ്. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ചിത്രത്തിൽ സിദ്ദിഖ്, അജു വർഗീസ്, സുദേവ് നായർ,വിജയ രാഘവൻ, കലാഭവൻ ഷാജോൺ, മീനാക്ഷി, വൃദ്ധി വിശാൽ, ദിലീഷ് പോത്തൻ, സായി കുമാർ, സീമ, അർജുൻ അശോകൻ, ജനാർദ്ദനൻ, രാഹുൽ മാധവ്, റീന മാത്യൂസ്, പ്രിയങ്ക നായർ, ജൈസ് ജോസ്, കൊച്ചു പ്രേമൻ, സച്ചിൻ കടേക്കർ എന്നിവരും അഭിനയിക്കുന്നുണ്ട്. സുജിത് വാസുദേവ്, അഭിനന്ദം രാമാനുജൻ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഷമീർ മുഹമ്മദാണ് ചിത്രത്തിന്റെ എഡിറ്റർ.

Scroll to Top