ശ്രദ്ധ നേടി “പ്രകാശൻ പരക്കട്ടെ” ചിത്രത്തിലെ മനോഹര വീഡിയോ സോങ്ങ്…

ഷാഹദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രകാശൻ പരക്കട്ടെ . ഒരു കുടുംബ ചിത്രമായി ഒരുക്കുന്ന ഈ ചിത്രത്തിലെ ഒരു ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് . കണ്ണു കൊണ്ട് നുള്ളി എന്ന വരികളോടെ ആരംഭിക്കുന്ന ഒരു ഗാനമാണ് മാജിക് ഫ്രെയിംസ് മ്യൂസിക് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

സ്കൂൾ പ്രണയ രംഗങ്ങളും തമാശകളും നിറഞ്ഞ ഈ ഗാനത്തിൽ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ മാത്യു തോമസ് , പറവ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഗോവിന്ദ് പൈ പുതുമുഖ താരം മാളവിക മനോജ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത് . മനു മഞ്ജിത്ത് വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റ് ആണ് . ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്.

മാത്യു തോമസ് ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാത്യുവിന്റെ സുഹൃത്തായി ഗോവിന്ദും പ്രണയിനിയായി മാളവികയും എത്തുന്നു. ഇവരെ കൂടാതെ അജു വർഗ്ഗീസ്, ധ്യാൻ ശ്രീനിവാസൻ , ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, നിഷ സാരംഗ്, ശ്രീജിത്ത് രവി , ഋതുഞ്ജയ് ശ്രീജിത്ത് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ധ്യാൻ ശ്രീനിവാസൻ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയ ഈ ചിത്രം നിർമ്മിക്കുന്നത് വൈശാഖ് സുബ്രഹ്മണ്യം , ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്നാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് രതിൻ രാധാകൃഷ്ണൻ ആണ്. ജൂൺ പതിനേഴിന് ചിത്രം പ്രദർശനത്തിന് എത്തും.

Scroll to Top