മമ്മൂട്ടിയുടെ നെഗറ്റീവ് റോളിൽ ശ്രദ്ധ നേടി പുഴു..! ആദ്യ ടീസർ കാണാം..

മലയാളികളുടെ സൂപ്പർ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് പുഴു. ഒക്ടോബറിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ഈ ചിത്രം നവാഗതയായ രതീന ആണ് സംവിധാനം ചെയ്‌തത്. ഒന്നു രണ്ടു മാസങ്ങൾക്കുള്ളിൽ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയാൻ കഴിഞ്ഞത്. ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് പുറത്തു വിട്ടിരുന്നു. ത്രില്ലിംഗ് ചിത്രമായ പുഴു വളരെ കാമ്പുള്ള ഒരു കഥയാണ് തുറന്നുകാട്ടുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

പുരോഗമനപരമായ ഒരു ചിത്രമാണ് രതീന ഒരുക്കിയ പുഴു എന്നും ഈ ചിത്രം പ്രേക്ഷക സദസ്സിൽ എത്തുന്നത് വരെ കാത്തിരിക്കാൻ വയ്യെന്നും ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. മമ്മൂട്ടി അഭിനയിച്ച കഥാപാത്രങ്ങളിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നാണ് പുഴുവിലെ താരത്തിന്റെ വേഷം എന്നാണ് അണിയറ പ്രവർത്തകർ അഭിപ്രായപ്പെടുന്നത്.

ചിത്രത്തിൽ താരം നെഗറ്റീവ് റോളിലാണ് എത്തുന്നത് എന്നും , സ്വവർഗാനുരാഗി ആയാണ് വേഷമിടുന്നത് എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ മറ്റും പ്രചരിക്കുന്നുണ്ട്. മമ്മൂട്ടിയുടെ സന്തത സഹചാരിയായ ജോർജ് ആണ് പുഴു നിർമ്മിക്കുന്നത്. ചിത്രത്തിൽ പാർവതി തിരുവോത്ത് ആണ് നായികയായി വേഷമിടുന്നത്. ഇവരെ കൂടാതെ മാളവിക മേനോൻ, ഇന്ദ്രൻസ്, അന്തരിച്ചു പോയ നടൻ നെടുമുടി വേണു എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്.

തേനി ഈശ്വർ ആണ് ചിത്രത്തിന്റെ ക്യാമറമാൻ. ചിത്രത്തിന് സംഗീതം ഒരുക്കിയിട്ടുള്ളത് ജെക്സ് ബിജോയ് ആണ് . ദീപു ജോസെഫ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. ഹർഷാദ്, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് ത്രില്ലർ ചിത്രമായ പുഴുവിന്റെ തിരക്കഥ ഒരുക്കിയിട്ടുള്ളത്. ഇതിനോടകം ഈ ചിത്രത്തിന്റെ രണ്ടു ഒഫീഷ്യൽ പോസ്റ്ററുകൾ പുറത്തു വന്നിരുന്നു. അത് മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

Scroll to Top