പവർ പാക്കഡ് ആക്ഷൻ രംഗങ്ങളുമായി ആർ ഡി എക്സ്..! ടീസർ കാണാം..

ഓണത്തോട് അനുബന്ധിച്ച് നിരവധി മലയാള ചിത്രങ്ങളാണ് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്നത്. അതിൽ പ്രേക്ഷക പ്രതീക്ഷകളെ വാനോളം ഉയർത്തി റിലീസിന് എത്തുന്ന കിടിലൻ ചിത്രമാണ് ആർ ഡി എക്സ്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഷെയ്ൻ നീഗം , ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. മിന്നൽ മുരളി എന്ന ചിത്രം അണിയിച്ച് ഒരുക്കിയ വീക്ക് ആൻഡ് ബ്ലോക്ക് ബസ്റ്റർ ആണ് ആർ ഡി എക്സും അവതരിപ്പിക്കുന്നത്. ആർഡിഎക്സിന്റെ ഒഫീഷ്യൽ ടീസർ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഒരു പവർ പാക്കഡ് ആക്ഷൻ ത്രില്ലർ പാറ്റേണിലാണ് ഈ ചിത്രം അണിയിച്ച് ഒരുക്കിയിട്ടുള്ളത് എന്നത് ഇതിൻറെ ടീസർ വീഡിയോയിൽ നിന്നും വ്യക്തമാണ്. റോബർട്ട് , ഡോണി, സേവിയർ എന്നീ പേരുകളെയാണ് ചിത്രത്തിലെ ടൈറ്റിൽ ആർ ഡി എക്സ് സൂചിപ്പിക്കുന്നത്. ചിത്രത്തിൽ റോബർട്ട് എന്ന കഥാപാത്രമായി ഷൈൻ നീഗവും ഡോണിയായി ആൻറണി വർഗീസും സേവിയർ ആയി നീരജ് മാധവും എത്തുന്നു. ഈ സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പ്രേക്ഷകരോട് പറയുന്നത്. അടിയും ഇടിയുമായി ഒരു കിടിലൻ കഥയുമായാണ് ചിത്രം പ്രേക്ഷകർക്ക് മുൻപാകെ എത്തുന്നതെന്ന് ടീസർ വീഡിയോയിൽ നിന്ന് വ്യക്തമാണ്.

ചിത്രത്തിൽ മഹിമ നമ്പ്യാർ, ഐമ റോസ്മി സെബാസ്റ്റ്യൻ, ലാൽ , മാല പാർവതി, ബാബു ആന്റണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട് . സോഫിയ പോളാണ് ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത്. സംവിധായകൻ നഹാസ് ഹിദായത്ത് തന്നെയാണ് ചിത്രത്തിൻറെ കഥയും ഒരുക്കിയിട്ടുള്ളത്. തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത് ഷഹാബസ് റഷീദ്, ആദർശ് സുകുമാരൻ എന്നിവർ ചേർന്നാണ്. അലക്സ് ജെ പുളിക്കൽ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിക്കുന്നത് ചമൻ ചാക്കോ ആണ് . കൈതി , വിക്രം, കെ.ജി.എഫ് എന്നീ ചിത്രങ്ങളിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ അൻമ്പറിവാണ് ആര്‍ ഡിഎക്സിലെ സംഘട്ടന രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുള്ളത് സാം സി എസ് ആണ് .

Scroll to Top