രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ആർ ആർ ആർ’ ടീസർ പുറത്തിറങ്ങി. 2022 ജനുവരി ഏഴിന് ലോകവ്യാപകമായി ചിത്രം റിലീസ് ചെയ്യാൻ ആണ് തീരുമാനം. ചിത്രം എന്താണെന്നുള്ളതിന്റെ ഒരു പകർപ്പാണ് ടീസർ. ടീസറിലെ ഓരോ ഫ്രയിമും അതിഗംഭീരമാണ്. പ്രതീക്ഷകൾക്കും മുകളിലാണ് ചിത്രമെന്നാണ് യുട്യൂബിൽ ടീസർ കണ്ടവരുടെ അഭിപ്രായം. എൻ ടി ആർ, രാം ചരൺ, അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രകനി, ആലിസൺ ഡൂഡി, റെയ് സ്റ്റീവൻസൺ എന്നിവർ അടങ്ങുന്ന ഒരു വലിയ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് എസ് എസ് രാജമൗലിയാണ്. ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് വി വിജയേന്ദ്ര പ്രസാദ് ആണ്.
ഒക്ടോബർ പതിനേഴിന് ചിത്രം റിലീസ് ചെയ്യുമെന്ന് ആയിരുന്നു അണിയറ പ്രവർത്തകർ ആദ്യത്തിൽ അറിയിച്ചിരുന്നത്. പിന്നീട് നിശ്ചയിച്ചിരുന്ന തീയതി മാറ്റി വെയ്ക്കുകയായിരുന്നു. പുതിയ റിലീസ് തീയതി ഉടനെ അറിയിക്കുമെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ചിത്രം അടുത്ത വർഷമേ എത്തുകയുള്ളൂവെന്നാണ് അണിയറപ്രവർത്തകരിൽ നിന്നും അറിയാൻ കഴിഞ്ഞത്.
ജൂനിയര്‍ എന്‍ ടി ആറും രാം ചരണുമാണ് ചിത്രത്തിലെ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ജൂനിയര്‍ എന്‍ ടി ആര്‍ കൊമരു ഭീം എന്ന വേഷത്തിലും രാം ചരണ്‍ അല്ലൂരി സീതരാമ രാജു എന്ന വേഷത്തിലും ആണ് ചിത്രത്തിൽ എത്തുന്നത്‍. ചരിത്രവും ഫിക്ഷനും കോർത്തിണക്കിയാണ് രാജമൗലി ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. ബോളിവുഡ് താരം ആലിയ ഭട്ട് ആണ് ചിത്രത്തിലെ നായിക. സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്.
രുധിരം, രൗദ്രം, രണം ഈ വാക്കുകൾ ആണ് ആര്‍.ആര്‍.ആര്‍ എന്ന സിനിമ പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. സ്വാതന്ത്ര്യ സമരകാലത്തെ ഒരു സാങ്കല്‍പ്പിക കഥയാണ് ആര്‍.ആര്‍.ആര്‍ പറയുന്നത്. ചിത്രത്തിന്റെ മുതല്‍മുടക്ക് 450 കോടിയിലധികമാണ് . ഇരുപതു മിനിറ്റോളം നീളുന്ന ക്ലൈമാക്സ് രംഗങ്ങളാണ് ചിത്രത്തിൽ രാജമൗലി ഒരുക്കിയിട്ടുള്ളത്.