നിഖിൽ സിദ്ധാർത്ഥ നായകനാകുന്ന പാൻ ഇന്ത്യൻ ബിഗ് ബജറ്റ് ചിത്രം ‘സ്വയംഭു’വിന്റെ ടീസർ ലോഞ്ച് ചടങ്ങിനിടെ നടി സംയുക്ത മേനോന്റെ കയ്യിൽ കണ്ട ചുവന്ന പാടിനെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ അതീവ സുന്ദരിയായി എത്തിയ താരത്തിന്റെ ഇടതുകയ്യിലെ വലിയ പാട് ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ആരാധകരുടെ ശ്രദ്ധയിൽപ്പെട്ടത്. കയ്യിൽ വലിയൊരു ചതവ് ഏറ്റതുപോലെ കാണപ്പെട്ട ഈ പാട് താരത്തിന് എന്തെങ്കിലും പരിക്ക് പറ്റിയോ എന്ന ആശങ്കയ്ക്ക് കാരണമായി.
ഒരു പീരിയഡ് യുദ്ധചിത്രമായ സ്വയംഭുവിൽ കഠിനമായ ആക്ഷൻ രംഗങ്ങളാണുള്ളത്. ഇതിനായുള്ള ആയോധനകല പരിശീലനത്തിനിടയിൽ പറ്റിയ പരിക്കാകാം ഇതെന്നാണ് ഭൂരിഭാഗം ആരാധകരും കരുതുന്നത്. തന്റെ കഥാപാത്രത്തിന് വേണ്ടി താരം നടത്തുന്ന കഠിനാധ്വാനത്തെ പലരും സോഷ്യൽ മീഡിയയിൽ പ്രശംസിക്കുന്നുമുണ്ട്. എന്നാൽ ചർമ്മത്തിലുണ്ടായ അലർജിയോ മറ്റോ ആകാം ഇതെന്ന നിഗമനങ്ങളും ചിലർ പങ്കുവെക്കുന്നു. ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പീരിയഡ് ആക്ഷൻ ഡ്രാമയായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. മുൻപ് മഞ്ജു വാര്യരുടെ കഴുത്തിലെ പാച്ചിനെക്കുറിച്ച് സമാനമായ രീതിയിൽ വലിയ ചർച്ചകൾ നടന്നിരുന്നു. സംയുക്തയ്ക്ക് ഗൗരവകരമായ പരിക്കുകളൊന്നും ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ആരാധകർ.




