പ്രേക്ഷക ശ്രദ്ധ നേടി പൃഥ്വിരാജ് – മുരളി ഗോപി ചിത്രം “തീർപ്പ്” ടീസർ കാണാം..

മലയാള സിനിമയിലെ സഹോദര നായകന്മാരായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും ഒന്നിക്കുന്ന പുത്തൻ ചിത്രമാണ് തീർപ്പ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. “വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് തീർപ്പ് ” ചിത്രത്തിന്റെ ശ്രദ്ധേയമായ ഈ ടാഗ്‍ലൈന്‍ ഇപ്പോൾ പുറത്തിറങ്ങിയ ടീസറിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 35 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഈ ടീസർ വീഡിയോ ഫ്രൈഡേ ഫിലിം ഹൗസിന്റെ യൂടൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത് .

ഒരു ദുരൂഹത ഒളിപ്പിച്ചു കൊണ്ടാണ് ഈ ടീസർ രംഗം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ നായക വേഷം ചെയ്യുന്നത് പൃഥ്വിരാജ് സുകുമാരനാണ്. ഇന്ദ്രജിത്തും പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്. ടീസർ രംഗങ്ങളിൽ ഇവരെ കൂടാതെ വിജയ് ബാബു, സൈജു കുറുപ്പ്, ഇഷാ തൽവാർ, ഹന്ന റെജി കോശി എന്നിവരെയും കാണാൻ സാധിക്കും.

മുരളി ഗോപിയാണ് ഈ ചിത്രത്തിന് രചന നിർവഹിക്കുന്നത്. കമ്മാര സംഭം എന്ന ചിത്രത്തിന് ശേഷം മുരളി ഗോപി – രതീഷ് അമ്പാട്ട് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. വിജയ് ബാബു , മുരളി ഗോപി , രതീഷ് അമ്പാട്ട് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സുനിൽ കെ.എസ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ദീപു ജോസഫ് ആണ്.

Scroll to Top