ഇത് അമേരിക്കയല്ല ഭരതമാണ്.. അർണബ് ഗോസാമിയായി ടൊവിനോ..! നാരദൻ ട്രൈലർ കാണാം..

മലയാളത്തിന്റെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ടോവിനോ തോമസിനെ നായകനാക്കി സംവിധായകൻ ആഷിഖ് അബു ഒരുക്കുന്ന പുത്തൻ ചിത്രമാണ് നാരദൻ . പ്രദർശനത്തിന് ഒരുങ്ങി നിൽക്കുന്ന ഈ ചിത്രം മാർച്ച് മൂന്നിന് ആഗോള റിലീസ് ആയി എത്തും. നേരത്തെ തന്നെ റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ ട്രൈലെർ സോഷ്യൽ മീഡിയയിൽ വൈറലാവുകയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആകാംഷഭരിതരായ പ്രേക്ഷകർക്ക് മുന്നിലേക്ക് ഈ ചിത്രത്തിന്റെ രണ്ടാം ട്രൈലെർ എത്തിയിരിക്കുകയാണ്.

ഈ രണ്ടാം ട്രൈലെർ , ഡയലോഗുകൾ ഒന്നും തന്നെ ഇല്ലാതെ ഉദ്വേഗം നിറക്കുന്ന രംഗങ്ങൾ കോർത്തിണക്കിയാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. മായാനദി, വൈറസ് എന്നി സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ആഷിഖ് അബു – ടോവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് നാരദൻ. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത് ഉണ്ണി ആർ ആണ്. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും സംവിധായകൻ ആഷിഖ് അബുവും ചേർന്നാണ് .

ഈ ചിത്രത്തിൽ നായികാ വേഷം അവതരിപ്പിക്കുന്നത് അന്ന ബെന്‍ ആണ്. ഇവരെ കൂടാതെ ഇന്ദ്രന്‍സ്, ഷറഫുദ്ദീന്‍, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിര ചിത്രത്തിൽ എത്തുന്നുണ്ട്. ഈ ചിത്രത്തിൽ ടോവിനോ തോമസ് ചന്ദ്രപ്രകാശ് എന്ന പേരുള്ള ഒരു വാർത്താ അവതാരകൻ ആയാണ് വേഷമിടുന്നത്. ഈ ചിത്രം ഒരുക്കിയിരിക്കുന്നത് സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് . ജാഫർ സാദിക്കാണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് സൈജു ശ്രീധരൻ ആണ് നിർവഹിച്ചിരിക്കുന്നത്.

ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഡി.ജെ ശേഖര്‍ മേനോനും നേഹയും യാക്സണ്‍ പെരേരയും ചേർന്നാണ് . മിന്നൽ മുരളി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം എത്തുന്ന ടോവിനോയുടെ പുത്തൻ ചിത്രം എന്ന നിലയിൽ നാരദന് വലിയ പ്രേക്ഷക പിന്തുണ ലഭിക്കും എന്നാണ് പ്രതീക്ഷ.

Scroll to Top