സിജു വിൽസൺ നായകനായി എത്തുന്ന വരായനിലെ മനോഹര പ്രണയ ഗാനം കാണാം..

Posted by

സിജു വിൽസൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വരയൻ. മെയ് ഇരുപതിന്‌ പ്രദർശനത്തിന് ഒരുങ്ങിനിൽക്കുന്ന ഈ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം ഇപ്പോൾ പുറത്തുവിട്ടു. ഏദനിൽ മധുരം നിറയും എന്ന വരികളോടെ ആരംഭിക്കുന്ന ഒരു പ്രണയ ഗാനം ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ബി കെ ഹരിനാരായണൻ വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് സന മൊയ്‌തുട്ടിയാണ്. ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് പ്രകാശ് അലെക്‌സാണ്. ഈ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ നേരത്തെ റിലീസ് ചെയ്യുകയും അവ സൂപ്പർ ഹിറ്റാവുകയും ചെയ്തിരുന്നു. പറ പറ പാറു പെണ്ണെ, കായലോണ്ട് വട്ടം വരച്ചേ എന്നിവയാണ് പുറത്തിറങ്ങിയ ആദ്യ ഗാനങ്ങൾ. സിജു വിൽ‌സൺ, ലിയോണ ലിഷോയ് എന്നിവരാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന പുതിയ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. ഈ പ്രണയ ഗാനം അതിമനോഹരമായ ദൃശ്യങ്ങളാൽ സമ്പന്നമാണ്.

ഈ ചിത്രത്തിൽ സിജു വിത്സൺ ഫാദർ എബി കപ്പൂച്ചിനെന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇതിന്റെ ട്രൈലെർ നമുക്ക് നൽകുന്ന സൂചന ഈ ചിത്രം കോമഡിയും സസ്പെൻസും മാസ് ഡയലോഗുകളും ആക്ഷനും നിറഞ്ഞ ഒരു കമ്പ്ലീറ്റ് എന്റർടൈനറാണ് എന്നതാണ്. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജിജോ ജോസഫ് ആണ്. സത്യം സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രേമചന്ദ്രൻ എ.ജി യാണ് . ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ഫാദർ ഡാനി കപ്പൂച്ചിൻ ആണ്. ചിത്രത്തിൽ മണിയൻപിള്ള രാജു, അരിസ്റ്റോ സുരേഷ്, വിജയരാഘവൻ, ജൂഡ് ആന്റണി ജോസഫ്, ജോയ് മാത്യു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

രജീഷ് രാമൻ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ജോൺകുട്ടി ആണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷ നൽകി കാത്തിരിക്കുന്ന ചിത്രമാണിത്. സിജു വിൽ‌സൺ ഈ ചിത്രത്തെ കുറിച്ച് ഇപ്രകാരം പറഞ്ഞിരുന്നു ” താൻ വ്യത്യസ്ഥമായൊരു കഥാപാത്രത്തിനായി കാത്തിരുന്ന സമയത്താണ് തന്നെ തേടി ‘വരയൻ’ എന്ന ചിത്രം വന്നതെന്നും തനിക്കു മുന്നിലേക്ക് വന്ന തിരക്കഥകളിൽ വളരെയധികം ആകർഷണം തോന്നിയ സിനിമയാണ് ഇതെന്നും ” .

Categories