മാസ് ആക്ഷനിലും ഡയലോഗിലും ശ്രദ്ധ നേടി വിക്രം ട്രൈലർ..! കമൽ ഹാസൻ്റെ കൂടെ പൊളിച്ചടുക്കി ഫഹദ് ഫാസിലും..

Posted by

തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഒരുപോലെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉലകനായകൻ കമൽ ഹാസൻ പ്രധാന വേഷത്തിൽ എത്തുന്ന വിക്രം. ലോകേഷ് കനകരാജിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ മാനഗരം, കൈദി, മാസ്റ്റർ എന്നിവയ്ക്ക് ശേഷം ഒരുക്കുന്ന വിക്രം എന്ന ഈ ചിത്രം കാത്തിരിക്കാൻ പ്രേക്ഷകർക്ക് ഒരുപാട് കാരണങ്ങളുണ്ട്. ഇതിന്റെ താരനിര തന്നെയാണ് അതിലെ പ്രധാന കാരണം. ഉലകനായകൻ കമൽഹാസനൊപ്പം മലയാള സിനിമയിലെ യുവതാരം ഫഹദ് ഫാസിൽ, തമിഴ് സിനിമയിലെ മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവരും കൂടാതെ അതിഥി വേഷത്തിൽ നടിപ്പിന് നായകൻ സൂര്യയും ഈ ചിത്രത്തിന്റെ ഭാഗമാകുന്നു എന്നത് എടുത്തു പറയേണ്ട സവിശേഷതയാണ്.

ഈ വമ്പൻ താരനിരയ്ക്കൊപ്പം ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരൻ, അർജുൻ ദാസ് തുടങ്ങിയവരും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഇപ്പോഴിതാ പ്രേക്ഷകർക്ക് മുന്നിലേക്ക് വിക്രത്തിന്റെ ട്രൈലെർ പുറത്ത് വിട്ടിരിക്കുകയാണ്. ആരാധകരെ ആകാംഷയുടെ മുൾ മുനയിൽ നിർത്തുന്ന ആക്ഷൻ രംഗങ്ങളും , കോരിത്തരിപ്പിക്കുന്ന തീപ്പൊരി സീനുകളും നിറച്ച ഒരു പക്കാ ആക്ഷൻ എന്റർടൈനറാണ് ഈ ചിത്രം എന്ന സൂചനയാണ് ഇപ്പോൾ റിലീസ് ചെയ്ത ട്രൈലെർ നൽകുന്നത്. അതുപോലെ തന്നെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന പഞ്ച് ഡയലോഗുകളും ട്രൈലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

ട്രൈലെർ ഒരു കംപ്ലീറ്റ് ഉലകനായകൻ ഷോയാണ് എന്ന് പറയുമ്പോഴും മറ്റ് കഥാപാത്രങ്ങൾക്ക് ശ്കതമായ സാന്നിധ്യമറിയിക്കാൻ കഴിയുന്ന ചിത്രമായിരിക്കുമിതെന്നും ഈ ട്രൈലെർ പ്രേക്ഷകർക്ക് കാണിച്ചു തരുന്നുണ്ട്. രാജ് കമൽ ഇന്റർനാഷനലിന്റെ ബാനറിൽ കമൽ ഹാസൻ തന്നെയാണ് ഈ ചിത്രം നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. മലയാളിയായ ഗിരീഷ് ഗംഗാധരൻ ആണ് ചിത്രത്തിന്റെ ക്യാമറമാൻ . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ഫിലോമിൻ രാജ് ആണ് . ഇന്ന് നടന്ന ട്രൈലെർ ലോഞ്ചിനൊപ്പം തന്നെ ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും നടത്തി. ഇതിലെ ഒരു ഗാനം നേരത്തെ തന്നെ റിലീസ് ചെയ്യുകയും അത് സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഈ ചിത്രം ആഗോള റിലീസായെത്തുന്നത് ജൂൺ മൂന്നിനാണ് .

Categories