ആൻ്റണി സാത്താന…! മാസ്സ് അക്ഷൻ രംഗങ്ങളിൽ ശ്രദ്ധ നേടി ആൻ്റണി ടീസർ കാണാം..

മലയാളത്തിന്റെ മാസ്സ് ഡയറക്ടർ ജോഷി സംവിധാനം ചെയ്യുന്ന പുത്തൻ ആക്ഷൻ ചിത്രമാണ് ആൻറണി . ജോജു ജോർജ് നായകനായ ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ടീസർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുകയാണ്. ജോഷിയുടെ സൂപ്പർഹിറ്റ് ചിത്രമായ പൊറിഞ്ചു മറിയം ജോസിൽ പ്രധാന വേഷങ്ങളിൽ എത്തിയ താരങ്ങളായ ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ എന്നിവരാണ് ഈ ചിത്രത്തിലെയും സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇവരെ കൂടാതെ നടി കല്യാണി പ്രിയദർശനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

പൊറിഞ്ചു മറിയം ജോസ് പോലെ തന്നെ ഒരു അതിഗംഭീര ആക്ഷൻ ചിത്രം തന്നെയാണ് ആൻറണി എന്ന സൂചനയാണ് ചിത്രത്തിൻറെ ടീസർ വീഡിയോ ഇപ്പോൾ പ്രേക്ഷകർക്ക് നൽകുന്നത്. ഇപ്പോൾ പുറത്തിറങ്ങിയ വീഡിയോ രംഗത്ത് കിടിലൻ ആക്ഷൻ ഗെറ്റപ്പിൽ ആണ് നടൻ ജോജുവും നടി കല്യാണിയും എത്തുന്നത്. ആശാ ശരത്, അപ്പാനി ശരത്, പത്മരാജ് രതീഷ് , ജിനു ജോസഫ് , ജിജു ജോൺ , രാജേഷ് ശർമ, സിജോയ് വർഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ .

രാജേഷ് വർമ്മ രചന നിർവഹിച്ച ഈ ചിത്രം ഐൻസ്റ്റീൻ മീഡിയയുടെ ബാനറിൽ ആണ് പുറത്തിറങ്ങുന്നത്. ഐൻസ്റ്റീൻ സാക്ക് പോൾ ആണ് ചിത്രത്തിൻറെ നിർമാതാവ്. സുഷിൽ കുമാർ അഗർവാൾ, രജത് അഗർവാൾ, നിതിൻ കുമാർ , ഗോകുൽ വർമ, കൃഷ്ണ രാജ് എന്നിവർ ചിത്രത്തിന്റെ സഹ നിർമ്മാതാക്കളാണ്. രണദീവ് ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ എഡിറ്റർ ശ്യാം ശശിധരൻ ആണ് . ജേക്സ് ബിജോയ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്.

പൊറിഞ്ചു മറിയ ജോസിൽ കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രമായാണ് ജോജു ജോർജ് എത്തിയത്. എന്നാൽ ആൻറണിയിലെ താരത്തിന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത് സാത്താൻ എന്നാണ്. ഏതായാലും സാത്താന്റെ പ്രകടനം കാണാൻ പ്രേക്ഷകർ ഏറെ ആകാംക്ഷയിലാണ്. മണിക്കൂറുകൾ മുൻപ് പുറത്തിറങ്ങിയ ചിത്രത്തിൻറെ ടീസർ വീഡിയോ ലക്ഷക്കണക്കിന് കാഴ്ച്ചക്കാരെയാണ് സ്വന്തമാക്കിയത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജോഷി – ജോജു ജോർജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകർ അർപ്പിച്ചിരിക്കുന്നത്. ചിത്രം ഈ വർഷം തന്നെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

Scroll to Top