സിനിമാ സെറ്റുകളിൽ ചിത്രീകരണം വൈകുന്നതിനും ബജറ്റ് വർധിക്കുന്നതിനും പ്രധാന കാരണം നടീനടന്മാരാണെന്ന് സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണൻ തുറന്നടിച്ചു. പലപ്പോഴും ഷൂട്ടിംഗ് പുലർച്ചെ ആരംഭിക്കേണ്ടതുണ്ടെങ്കിലും നടീനടന്മാരുടെ വൈകിയുള്ള വരവ് കാരണം പത്തരയ്ക്കും പതിനൊന്നു മണിക്കുമായിരിക്കും ക്യാമറ ചലിച്ചു തുടങ്ങുന്നത്. നിലവിലുള്ള വ്യവസ്ഥകളൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിൽ പല താരങ്ങളും അവരുടെ സൗകര്യത്തിനനുസരിച്ചാണ് സെറ്റുകളിലേക്ക് എത്തുന്നതെന്നും ഇത് നിർമ്മാണ മേഖലയെ സാരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഷൂട്ടിംഗ് ദിവസങ്ങളും ബജറ്റും വല്ലാതെ കൂടുന്ന പശ്ചാത്തലത്തിൽ, പറഞ്ഞ സമയത്തിനുള്ളിൽ സിനിമ പൂർത്തിയാക്കുമെന്ന് ഉറപ്പാക്കാൻ നിർമ്മാതാക്കൾ ഒരു ത്രികക്ഷി കരാർ ആവശ്യപ്പെട്ടിരുന്നു. നിർമ്മാതാവ്, സംവിധായകൻ, പ്രൊഡക്ഷൻ കൺട്രോളർ എന്നിവർ ഉൾപ്പെടുന്ന ഈ കരാറിൽ നാലാമതൊരു കക്ഷി കൂടി വേണമെന്നാണ് ഫെഫ്കയുടെ നിലപാട്. ഒരു ലക്ഷം രൂപയിൽ കൂടുതൽ പ്രതിഫലം വാങ്ങുന്ന എല്ലാ നടീനടന്മാരെയും ഈ കരാറിന്റെ ഭാഗമാക്കണമെന്നും എങ്കിൽ മാത്രമേ സിനിമയുടെ കൃത്യസമയത്തുള്ള പൂർത്തീകരണത്തിന് ഉത്തരവാദിത്തം ഉണ്ടാകൂ എന്നും ഉണ്ണികൃഷ്ണൻ കൂട്ടിിച്ചേർത്തു.
മലയാള സിനിമയിലെ തൊഴിൽ സാഹചര്യങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന പുതിയ കരാറിൽ ഫെഫ്കയും നിർമ്മാതാക്കളുടെ സംഘടനയും ഒപ്പുവെച്ചു. ഇതനുസരിച്ച് ഇനി മുതൽ ചിത്രീകരണ സമയം 12 മണിക്കൂറായി പരിമിതപ്പെടുത്തും. മുൻപ് ഇത് 16 മണിക്കൂർ വരെ നീളാറുണ്ടായിരുന്നു. ഉച്ചഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും ശേഷം ഒരു മണിക്കൂർ വിശ്രമം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. രാത്രി ജോലിക്കും ഓവർടൈമിനും നൽകേണ്ട അധിക വേതനത്തെക്കുറിച്ച് വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടത്തി അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.




