‘അവസാനം ചെയ്ത രണ്ട് സിനിമകൾ ഫ്ലോപ്പ്; നഷ്ടം 12.5 കോടി’; തുറന്നുപറഞ്ഞ് ഷീലു എബ്രഹാം

Posted by

താൻ അവസാനമായി നിർമിച്ച രണ്ട് സിനിമകൾ വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തിയതെന്ന് വെളിപ്പെടുത്തി നടിയും നിർമാതാവുമായ ഷീലു എബ്രഹാം. ആ രണ്ട് ചിത്രങ്ങളിലൂടെ ഏകദേശം 12.5 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഷീലു പറയുന്നത്.

സിനിമകളുടെ പേര് പരാമർശിക്കാതെയായിരുന്നു ഷീലുവിന്റെ പ്രതികരണം. അവസാനമായി നിർമിച്ച രണ്ട് ചിത്രങ്ങളും ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചില്ലെന്നും ബിസിനസ് പോലും നടക്കാത്ത അവസ്ഥയായിരുന്നു ഉണ്ടായതെന്നും അവർ പറഞ്ഞു.

എന്നാൽ ഈ നഷ്ടം കുടുംബത്തിന്റെ സാമ്പത്തിക നിലയെ ബാധിച്ചിട്ടില്ലെന്നും ഷീലു വ്യക്തമാക്കി. ഭർത്താവും നിർമാതാവുമായ എബ്രഹാം മാത്യു വർഷങ്ങളായി കെട്ടിപ്പടുത്ത ശക്തമായ ബിസിനസ് അടിത്തറയാണ് അതിന് കാരണം. സിനിമ നിർമാണത്തിനായി കടം വാങ്ങുകയോ കുടുംബത്തിന്റെ അടിസ്ഥാന സാമ്പത്തിക സുരക്ഷയെ ആശ്രയിക്കുകയോ ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു.

’15 വർഷമായി സിനിമ രംഗത്തുണ്ട്. ഇതുവരെ 15 സിനിമകൾ നിർമിച്ചു. അതിൽ 13 സിനിമകളും വലിയ നഷ്ടമുണ്ടാക്കിയിട്ടില്ല. ഈ രണ്ട് സിനിമകളാണ് തിരിച്ചടിയായത്,’ എന്നാണ് ഷീലു പറഞ്ഞത്.

സിനിമയിലൂടെ വലിയ സാമ്പത്തിക നേട്ടം കൈവരിക്കുക എന്നത് വളരെ കുറച്ച് നിർമാതാക്കൾക്ക് മാത്രമേ സാധിക്കാറുള്ളുവെന്നും ഷീലു അഭിപ്രായപ്പെട്ടു. സിനിമ എന്നത് എല്ലായ്പ്പോഴും വലിയ റിസ്ക് ഉള്ള മേഖലയാണെന്നും അവർ കൂട്ടിച്ചേർത്തു.

കോവിഡ് കാലത്ത് തങ്ങളുടെ മറ്റ് ബിസിനസുകളും പ്രതിസന്ധി നേരിട്ടിരുന്നുവെന്നും, അന്നും ജീവനക്കാരുടെ ശമ്പളം മുടങ്ങാതെ നൽകാൻ കഴിഞ്ഞത് നേരത്തെ ഉണ്ടാക്കിയ സാമ്പത്തിക അടിത്തറ കൊണ്ടാണെന്നും ഷീലു അഭിമുഖത്തിൽ പറഞ്ഞു.