നടൻ നിവിൻ പോളിയുമായുള്ള സാമ്പത്തിക തർക്ക കേസിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി. കേസ് മധ്യസ്ഥതയ്ക്ക് (ആർബിട്രേഷൻ) വിടണമെന്ന ലിസ്റ്റിന്റെ ആവശ്യം എറണാകുളം മുൻസിഫ് കോടതി തള്ളുകയായിരുന്നു.
‘രാമചന്ദ്ര ബോസ് ആൻഡ് കോ’, ‘മലയാളി ഫ്രം ഇന്ത്യ’ എന്നീ ചിത്രങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക വിഷയങ്ങളാണ് ഇരുവരും തമ്മിലുള്ള തർക്കത്തിന് പിന്നിൽ. ഇതുമായി ബന്ധപ്പെട്ട പരാതികളാണ് പിന്നീട് കോടതിയിലെത്തിയത്.
തർക്കം ആർബിട്രേഷൻ വഴി പരിഹരിക്കണമെന്നായിരുന്നു ലിസ്റ്റിൻ സ്റ്റീഫന്റെ ആവശ്യം. എന്നാൽ ഇതിനാവശ്യമായ വ്യക്തമായ കരാർ വ്യവസ്ഥകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. കരാറിന്റെ യഥാർഥ രേഖകൾ സമർപ്പിക്കുന്നതിലും വീഴ്ച സംഭവിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇതോടെ കേസ് സാധാരണ നിയമനടപടികളിലൂടെ തന്നെ മുന്നോട്ടുപോകാനാണ് സാധ്യത. നിവിൻ പോളിയുടെ നിർമാണ കമ്പനിയായ പോളി ജൂനിയർ പിക്ചേഴ്സും ലിസ്റ്റിന്റെ മാജിക് ഫ്രെയിംസും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള വിവാദമാണ് ഇപ്പോൾ കോടതിയിൽ തുടരുന്നത്.
നേരത്തെ ഇരുവരും ഒന്നിച്ച ചിത്രങ്ങളായ ‘തുറമുഖം’, ‘രാമചന്ദ്ര ബോസ് ആൻഡ് കോ’, ‘മലയാളി ഫ്രം ഇന്ത്യ’ എന്നിവയുടെ സാമ്പത്തിക പ്രകടനവും പിന്നീട് ഉയർന്ന ആരോപണങ്ങളും സിനിമാ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴത്തെ കോടതി ഉത്തരവ് ആ തർക്കത്തിലെ പുതിയ വഴിത്തിരിവായാണ് വിലയിരുത്തപ്പെടുന്നത്.




