കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന്ന രേണു സുധിയെ സന്ദർശിച്ച് നടി സീമ ജി. നായർ. രേണു ഇപ്പോൾ കടന്നുപോകുന്നത് അതീവ ദുഷ്കരമായ സാഹചര്യത്തിലൂടെയാണെന്നും, രോഗത്തിന്റെ വേദനയേക്കാൾ അവരെ വേദനിപ്പിക്കുന്നത് സോഷ്യൽ മീഡിയയിലെ ചീത്തവിളികളും ശാപവാക്കുകളുമാണെന്നും സീമ പറഞ്ഞു.
കഴിഞ്ഞ ദിവസം രേണുവിനെ നേരിൽ കണ്ടിരുന്നുവെന്ന് സീമ സോഷ്യൽ മീഡിയ കുറിപ്പിലൂടെ അറിയിച്ചു. കാൻസർ ബാധിച്ച നിരവധി പേരുടെ ജീവിതത്തോട് അടുത്ത് നിന്ന അനുഭവമുണ്ടെന്നും, തന്റെ അമ്മയും ഇതേ രോഗത്തെ നേരിട്ട ആളാണെന്നും അവർ പറഞ്ഞു. അതുകൊണ്ടുതന്നെ രേണുവിന്റെ അവസ്ഥ തനിക്ക് കൂടുതൽ വേദനയുണ്ടാക്കുന്നുവെന്നും സീമ കൂട്ടിച്ചേർത്തു.
‘ഇന്നലെ വരെ ഒരാളുടെ തണലിൽ ജീവിച്ചിരുന്ന വ്യക്തി പെട്ടെന്ന് ഒറ്റപ്പെടുമ്പോൾ ജീവിതം പിടിച്ചുനിർത്താൻ അവനവന് കഴിയുന്ന വഴികൾ തേടും. അത് ചിലപ്പോൾ മറ്റുള്ളവർക്ക് ഇഷ്ടപ്പെടണമെന്നില്ല. പക്ഷേ അതിന്റെ പേരിൽ ഒരാളെ അധിക്ഷേപിക്കുന്നത് ശരിയല്ല,’ എന്നാണ് സീമ പറയുന്നത്.
രേണുവിന്റെ വീഡിയോകൾക്ക് താഴെ വരുന്ന നെഗറ്റീവ് കമന്റുകൾ കണ്ടപ്പോൾ ഏറെ വിഷമം തോന്നിയെന്നും, ഈ രോഗം ആർക്കും എപ്പോൾ വേണമെങ്കിലും വരാവുന്നതാണെന്നും സീമ ഓർമ്മിപ്പിച്ചു. കാൻസറിനോട് പോരാടുന്ന ഒരാളെ മാനസികമായി തകർക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ ഒഴിവാക്കണമെന്നും അവർ അഭ്യർഥിച്ചു.
താൻ നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങളെ കുറിച്ചുള്ള വിമർശനങ്ങൾക്കും സീമ മറുപടി നൽകി. സെലിബ്രിറ്റികൾക്ക് മാത്രമല്ല, സാധാരണക്കാരായ നിരവധി ആളുകൾക്കും വർഷങ്ങളായി സഹായം ചെയ്യുന്നുണ്ടെന്നും, വിമർശിക്കുന്നതിന് മുമ്പ് മറ്റുള്ളവർക്ക് ഒരു നല്ല കാര്യമെങ്കിലും ചെയ്തുനോക്കണമെന്നും അവർ പറഞ്ഞു.
‘അവർ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥ അതികഠിനമാണ്. അതിനെ അതിജീവിക്കാൻ രേണുവിന് കഴിയട്ടെ. അവരെ വെറുതെ വിടൂ, അവർ കാൻസറിനോട് പൊരുതി തിരിച്ചു വരട്ടെ,’ എന്നാണ് സീമ ജി. നായർ കുറിച്ചത്.
‘അസുഖത്തേക്കാൾ വേദനിപ്പിക്കുന്നത് ചീത്തവിളികളാണ്’; രേണു സുധിയെ സന്ദർശിച്ച് സീമ ജി. നായർ
Posted by
–




