തെലുങ്ക് സംവിധായകൻ കെ. രാഘവേന്ദ്ര റാവുവിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാകുന്നു. പുതിയ സിനിമയുടെ ലോഞ്ചിനിടെ നടിമാരായ കീർത്തി സുരേഷിനെയും കൃതി ഷെട്ടിയെയും കൈയിൽ പിടിച്ച് അടുത്തേക്ക് വലിക്കുന്ന വീഡിയോയാണ് വിവാദത്തിന് കാരണം.
ഹൈദരാബാദിൽ നടന്ന അനിൽ രവിപുടിയുടെ പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിലായിരുന്നു സംഭവം. ഉദ്ഘാടന ഷോട്ടിന് നേതൃത്വം നൽകാനെത്തിയ രാഘവേന്ദ്ര റാവു, അഭിനേതാക്കളെ പോസ് ചെയ്യിക്കുന്നതിനിടെ കീർത്തി സുരേഷിന്റെയും കൃതി ഷെട്ടിയുടെയും കൈകളിൽ പിടിച്ച് അവരുടെ സ്ഥാനം മാറ്റുന്നതാണ് വൈറലായ വീഡിയോയിൽ കാണുന്നത്.
വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് സംവിധായകനെ വിമർശിച്ച് രംഗത്തെത്തിയത്. നടിമാരെ സ്പർശിക്കാതെ തന്നെ രംഗം വിശദീകരിക്കാമായിരുന്നുവെന്നും ഇത്തരം പെരുമാറ്റം അനുചിതമാണെന്നുമാണ് ഒരു വിഭാഗത്തിന്റെ പ്രതികരണം.
അതേസമയം, ചടങ്ങിലെ ആദ്യ ഷോട്ട് ഒരുക്കുന്നതിനിടെയാണ് സംവിധായകൻ അഭിനേതാക്കൾക്ക് നിർദേശങ്ങൾ നൽകിയതെന്നും സംഭവത്തെ അനാവശ്യമായി വിവാദമാക്കുകയാണെന്നും മറ്റൊരു വിഭാഗം വാദിക്കുന്നു.
ഈ വീഡിയോ വൈറലായതോടെ നടി നിഹാരികയുമായി ബന്ധപ്പെട്ട പഴയൊരു വീഡിയോയും വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. രാഘവേന്ദ്ര റാവുവിനെതിരെ മുമ്പും സമാന വിമർശനങ്ങൾ ഉയർന്നിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പലരും പ്രതികരിക്കുന്നത്.
84-കാരനായ രാഘവേന്ദ്ര റാവു തെലുങ്ക് സിനിമയിലെ പ്രമുഖ സംവിധായകരിൽ ഒരാളാണ്. എന്നാൽ പുതിയ വീഡിയോ പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ പെരുമാറ്റത്തെ ചൊല്ലിയുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.




